
മുംബൈ: ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ ഏഷ്യാകപ്പ് മത്സരം മുഴുവൻ കണ്ടില്ലെന്നും 15 ഓവറിന് ശേഷം ചാനൽമാറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ചാണ് കണ്ടതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പാകിസ്താൻ ഇന്ത്യക്കൊരു എതിരാളിയേ അല്ലെന്നും ഏഷ്യാകപ്പിലെ ഭൂരിഭാഗം ടീമുകളേക്കാളും ഇന്ത്യ ഏറെ മുന്നിലാണെന്നും കൊൽക്കത്തയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ സൗരവ് ഗാംഗുലി പറഞ്ഞു. ദുബൈയിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.
പഹൽഗാം ആക്രമണത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മത്സരത്തിനു മുമ്പ് ഇന്ത്യൻ താരങ്ങൾ പാകിസ്താൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിസിബി ഇതിനെതിരെ അപലപിച്ചുകൊണ്ട് ഐസിസിക്ക് പരാതിയും നൽകി
"ഭീകരത അവസാനിക്കുക എന്നതാണ് പ്രധാനം. ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല ലോകമെമ്പാടും ഒരുപാട് ഭീകരാക്രണങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിനൊരു അറുതി വേണം. എന്നാൽ ഇത്തരം സംഭവങ്ങളുടെ പേരിൽ കായിക വിനോദങ്ങൾ നിർത്താനാവില്ല. ഭീകരതക്ക് അവസാനം ഉണ്ടാകണം." - ഗാംഗുലി പറഞ്ഞു.
"പാകിസ്താന്റെ പഴയ ടീം എന്താണെന്ന് എനിക്കറിയാം. എന്നാൽ ഇപ്പോൾ ഈ ടീം ഒരു എതിരാളിയേ അല്ല. ടീമിലെ നിലവാരക്കുറവാണ് ഇതിന് കാരണം. ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവരുടെ മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിൽ ഒരു മത്സരമേയില്ല എന്നാണ് കരുതുന്നത്. ഇത് ഒരു വൺവേ ട്രാഫിക്കായി മാറിയിരിക്കുന്നു." - ഗാംഗുലി പറഞ്ഞു