
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ നൂറു കോടി രൂപവരെ സമ്പാദിക്കുന്ന ആളുകളുണ്ടെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. മുൻ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ വോൺ, അലിസ്റ്റർ കുക്ക് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇന്ത്യന്‍ താരങ്ങളുടെ ശരാശരി വരുമാനത്തെക്കുറിച്ച് ശാസ്ത്രി വെളിപ്പെടുത്തിയത്. കൃത്യമായ സംഖ്യ അറിയില്ലെങ്കിലും 100 കോടിക്കടുത്ത് സമ്പാദിക്കുന്നവർ ഉണ്ടാകുമെന്നാണ് ശാസ്ത്രിയുടെ വാക്കുകൾ.
എം.എസ്. ധോണിയും വിരാട് കോലിയും 15 മുതൽ 20 വരെ പരസ്യങ്ങൾ ചെയ്യുന്നുണ്ടെന്നും അതിനെല്ലാം വലിയ തുക പ്രതിഫലം വാങ്ങുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.‘‘ഇന്ത്യൻ താരങ്ങൾ ഒരുപാടു സമ്പാദിക്കുന്നുണ്ട്. അത് ഉറപ്പാണ്. പരസ്യങ്ങളിലൂടെ ധാരാളം പണം ലഭിക്കും. ഒരു 100 കോടി വരെയൊക്കെ എന്ന് എനിക്കു പറയാനാകും. 10 മില്യൻ പൗണ്ട്, നിങ്ങൾ ഒന്നു കൂട്ടിനോക്കൂ.’’– ശാസ്ത്രി പറഞ്ഞു.
‘‘പ്രൈം ടൈമിൽ ധോണി, വിരാട്, സച്ചിൻ എന്നിവരൊക്കെ 15–20 പരസ്യങ്ങളാണ് ചെയ്തിരുന്നത്. ഒരു ദിവസത്തെ കാര്യമാണു പറയുന്നത്. അതിന് അനുസരിച്ചുള്ള പണവും അവർ വാങ്ങും. ക്രിക്കറ്റ് തിരക്കുകൾക്കിടയിൽ ഒരു ദിവസം പരസ്യത്തിനായി നൽകും. ബാക്കി ദിവസമെല്ലാം ക്രിക്കറ്റ് കളിക്കും.’’– ശാസ്ത്രി പ്രതികരിച്ചു.