

ട്വന്റി20 ക്രിക്കറ്റിൽ മോശം ഫോമിൽ തുടരുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയതിന്റെ പേരിൽ ഗില്ലിനെ കുറ്റം പറയാൻ സാധിക്കില്ലെന്നാണ് നെഹ്റയുടെ നിലപാട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ പരിശീലകനാണ് ആശിഷ് നെഹ്റ. കട്ടക്കിൽ നടന്ന ആദ്യ ട്വന്റി20യിൽ ഗിൽ നാലു റൺസെടുത്തു പുറത്തായിരുന്നു. മുല്ലൻപുരിലെ രണ്ടാം മത്സരത്തിൽ താരം ‘ഗോൾഡൻ ഡക്ക്' ആയതോടെയാണ്’ ഗില്ലിനെതിരെ വിമര്‍ശനം രൂക്ഷമായത്.
‘‘ഗില്ലിന്റെ കാര്യത്തിൽ ഐപിഎല്ലിനു മൂന്നാഴ്ച മാത്രമാണു ബാക്കിയെങ്കിലും പരിശീലകനെന്ന നിലയിൽ ഞാൻ ആശങ്കപ്പെടില്ല. കാരണം ഇത് ട്വന്റി20 ഫോർമാറ്റാണ്. വേഗതയേറിയ ട്വന്റി20യിൽ, രാജ്യാന്തര മത്സരമായാലും ഐപിഎൽ ആയാലും രണ്ടു മത്സരത്തിനു ശേഷം ഗില്ലിനെപ്പോലെ ഒരു താരത്തെ വിമർശിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതു ശരിക്കും ഗില്ലിനെ വിമര്‍ശിക്കുന്നവരുടെ പ്രശ്നമാണ്.’’
‘‘നിങ്ങൾക്കു വേണമെങ്കിൽ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും മാറ്റാം. ഋതുരാജ് ഗെയ്ക്‌വാദിനെയും സായ് സുദർശനെയും ഓപ്പൺ ചെയ്യിക്കാം. വേണമെങ്കിൽ വാഷിങ്ടൻ സുന്ദറിനെയും ഇഷാൻ കിഷനെയും ബാറ്റിങ്ങിന് ഇറക്കാം. ഒരുപാട് ഓപ്ഷനുകൾ അവിടെയുണ്ട്. എന്നാൽ താരങ്ങളെ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നതു നല്ല കാര്യമല്ല. ഇതു ശരിക്കും ബുദ്ധിമുട്ടാകും."– ആശിഷ് നെഹ്റ വ്യക്തമാക്കി.
മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം പൊളിച്ചാണ് ബിസിസിഐ ഗില്ലിനെ ട്വന്റി20 ടീമിലേക്കു കൊണ്ടുവരുന്നത്. വൈസ് ക്യാപ്റ്റനായി ഗിൽ എത്തിയതോടെ സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടമായിരുന്നു.