
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതോടെ (1–1), റഫറിയെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി കിക്ക് ബ്രൂണോ നഷ്ടപ്പെടുത്തിയിരുന്നു. കിക്ക് എടുക്കാനായി ബ്രൂണോ പിന്നിലേക്കു വരുന്നതിനിടെ റഫറി ക്രിസ് കാവൻഗായുമായി കൂട്ടിയിടിച്ചിരുന്നു. ഇതു തന്റെ ശ്രദ്ധ തെറ്റിച്ചതായി ബ്രൂണോ ആരോപിച്ചു.
"ഓരോ താരത്തിനും പെനൽറ്റി കിക്ക് എടുക്കുന്നതിനു മുൻപായി ചില ചിട്ടകളും രീതികളും ഉണ്ടാകും. അത് തെറ്റിയാൽ ചിലപ്പോൾ കിക്ക് പിഴയ്ക്കും. അതാണ് മത്സരത്തിൽ സംഭവിച്ചത്. എങ്കിലും പെനൽറ്റി നഷ്ടപ്പെടുത്തിയതിനെ ഞാൻ ന്യായീകരിക്കുന്നില്ല."- ബ്രൂണോ പറഞ്ഞു. സംഭവശേഷം റഫറി തന്നോടു ക്ഷമാപണം നടത്താൻ പോലും തയാറായില്ലെന്നും ബ്രൂണോ ആരോപിച്ചു.