
പാകിസ്ഥാൻ പ്രധാനമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് തന്നെന്നും അത് മടങ്ങിയെന്നും മുൻ പാകിസ്താൻ സ്പിന്നർ സഈദ് അജ്‌മലിൻ്റെ വെളിപ്പെടുത്തൽ. മുൻ പാകിസ്താൻ പ്രധാനമന്ത്രിക്കെതിയാണ് താരത്തിന്റെ നാണംകെട്ട വെളിപ്പെടുത്തൽ.
2009 ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം നടന്ന സംഭവമാണ് സഈദ് അജ്മൽ വെളിപ്പെടുത്തിയത്. യൂനുസ് ഖാൻ നയിച്ച ടീം ലോർഡ്സിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കന്നിക്കിരീടം നേടുകയായിരുന്നു. പാകിസ്താൻ്റെ ആദ്യ ടി20 ലോകകപ്പായിരുന്നു ഇത്.
ആ സമയത്ത് യൂസുഫ് റാസ ഗിലാനി ആയിരുന്നു പാകിസ്താൻ പ്രധാനമന്ത്രി. ലോകകപ്പ് നേടിയ ടീമിന് പ്രധാനമന്ത്രി 25 ലക്ഷം പാകിസ്താൻ രൂപ വീതമുള്ള ചെക്ക് സമ്മാനിച്ചു. ഈ ചെക്ക് മാറാൻ ശ്രമിച്ചപ്പോൾ ബൗൺസായെന്നും പണം ലഭിച്ചില്ലെന്നുമാണ് താരം വെളിപ്പെടുത്തിയത്.
"2009ലെ ടി20 ലോകകപ്പ് വിജയിച്ച ഞങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു. എന്നിട്ട് ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ചെക്ക് തന്നു. ഞങ്ങൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം അന്നത് ഒരു വലിയ തുകയാണ്. പക്ഷേ, ആ ചെക്ക് മടങ്ങി." -ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അജ്മൽ പറഞ്ഞു.
"സർക്കാർ നൽകിയ ചെക്ക് ബൗൺസായപ്പോൾ ഞെട്ടിപ്പോയി. പിസിബി ചെയർമാൻ അത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സർക്കാരിൻ്റെ വാഗ്ദാനം ആണെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് ഐസിസി നൽകിയ സമ്മാനത്തുക മാത്രമേ ലഭിച്ചുള്ളൂ."- എന്നും അജ്മൽ പറഞ്ഞു.