ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു | Manuel Frederick

1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു ഫ്രെഡറിക്.
Manuel Frederick
Published on

ബെംഗളൂരു: ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു ഫ്രെഡറിക്. അന്നു മ്യൂണിക്കിൽ ഇന്ത്യ മെഡൽ നേടിയത് മാനുവലിന്റെ ഗോൾ കീപ്പിങ് മികവിലൂടെയാണ്. തുടർന്നു ഏഴു വർഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.

1947 ഒക്ടോബർ 20-ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് മാനുവൽ ജനിച്ചത്. അച്ഛൻ ജോസഫ് ബോവറും അമ്മ സാറയും കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സ്‌കൂളിനുവേണ്ടി ഫുട്‌ബോൾ കളിച്ചിരുന്ന മാനുവൽ 12ാം വയസിലാണ് ആദ്യമായി ഹോക്കി കളിക്കാൻ കളത്തിലിറങ്ങിയത്.

15-ാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീർത്തത് സർവീസസ് ക്യാമ്പിൽ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ൽ ഇന്ത്യൻ ഹോക്കിടീമിന്റെ ഗോൾകീപ്പറായി അരങ്ങേറി. തൊട്ടടുത്ത വർഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിങ് മികവ് നിർണായക പങ്കുവഹിച്ചു.

ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബെംഗളുരു), ടിനു തോമസ് (മുംബൈ).

Related Stories

No stories found.
Times Kerala
timeskerala.com