'ഇനി എനിക്ക് കളിക്കാനാകുമോ?' എന്നാണ് പന്ത് ആദ്യമായി ചോദിച്ചതെന്ന് ഡോക്ടർ | Rishabh Pant
കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെ ജീവിതത്തിലേക്കും പ്രഫഷണൽ ക്രിക്കറ്റിലേക്കുമുള്ള രണ്ടാം തിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 2022 ഡിസംബറിലായിരുന്നു താരം ഓടിച്ച കാർ ഡല്‍ഹി-ഡെറാഡൂൺ ഹൈവേയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം ഉണ്ടാകുന്നത്. ഡല്‍ഹിയില്‍നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഒരു വഴിയാത്രക്കാരനാണ് താരത്തെ കാറിൽനിന്ന് രക്ഷപ്പെടുത്തിയത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ താരം ഏറെ നാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തുടർന്ന് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യൻ ടീമിനൊപ്പം ചേരുകയായിരുന്നു.
മുംബൈയിലെ ആശുപത്രിയിൽ പന്തിനെ ചികിത്സിച്ച ഓർത്തോപീഡിക് സർജൻ ദിൻഷോ പർദിവാലയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. 'ഇനി തനിക്ക് കളിക്കാനാകുമോ?' എന്നാണ് പന്ത് ആദ്യമായി ചോദിച്ചതെന്ന് ഡോക്ടർ പറയുന്നു. താരത്തിന് ജീവൻ തിരിച്ചുകിട്ടിയത് തന്നെ മഹാഭാഗ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി. "എന്‍റെ അടുത്ത് ആദ്യം കൊണ്ടുവരുമ്പോൾ അദ്ദേഹത്തിന്റെ വലത് കാൽമുട്ട് സ്ഥാനം തെറ്റി കിടക്കുകയായിരുന്നു. വലത് കണങ്കാലിനും പരിക്കുണ്ടായിരുന്നു. ശരീരമാസകലം ചെറിയ മുറിവുകളും. കഴുത്തിന്റെ പിൻഭാഗം മുതൽ കാൽമുട്ട് വരെയുള്ള ചർമം പലയിടത്തും ഉരഞ്ഞ് നഷ്ടപ്പെട്ടു. കാറിൽനിന്ന് പുറത്തെടുക്കുമ്പോൾ മറിഞ്ഞ കാറിലെ ഗ്ലാസിലും മറ്റും ഉരഞ്ഞ് മുറിവേറ്റിരുന്നു." -പർദിവാല വെളിപ്പെടുത്തി.
ഇത്തരം അപകടങ്ങളിൽ മരണസാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടർ പറയുന്നു. എന്നാൽ, താരത്തിന്‍റെ വലതു കാലിലെ രക്തധമനികൾക്ക് പരിക്കേൽക്കാത്തത് നിർണായകമായി. 'ഇനി കളിക്കാനാകുമോ?' എന്നായിരുന്നു പന്ത് ആദ്യമായി ചോദിച്ചത്. 'അവൻ ഇനി എഴുന്നേറ്റ് നടക്കുമോ?' എന്നാണ് പന്തിന്റെ അമ്മ ചോദിച്ചതെന്നും ഡോക്ടർ പറയുന്നു.
"ചികിത്സയുടെ ആദ്യഘട്ടം ഏറെ കഠിനമായിരുന്നു. ധാരാളം ചർമം നഷ്ടപ്പെട്ടിരുന്നു. കൈകൾ അനക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആദ്യഘട്ടത്തിൽ സ്വന്തമായി പല്ലുപോലും തേക്കാൻ പന്തിന് കഴിയുമായിരുന്നില്ല. പതിയെ പതിയെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. സ്വന്തമായി വെള്ളം കുടിക്കാൻ തുടങ്ങി. നാലു മാസത്തിനുശേഷം ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ തുടങ്ങി. ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴും പന്തിന് പ്രഫഷനൽ ക്രിക്കറ്റ് കളിക്കാനാകുമോ എന്നതിൽ ഉറപ്പില്ലായിരുന്നു." - ഡോക്ടർ കൂട്ടിച്ചേർത്തു.
നിരവധി തവണ ശസ്ത്രക്രിയ നടത്തിയും ഫിസിയോതെറാപ്പിക്ക് വിധേയനാക്കിയുമാണ് 635 ദിവസം കൊണ്ട് താരത്തിന് ആരോഗ്യം വീണ്ടെടുക്കാനായത്. താരത്തിന്റെ പ്രഫഷണൽ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആധുനിക കായിക ലോകത്ത് ഏവരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ്.