ഇന്ത്യ–പാകിസ്ഥാൻ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ച തീരുമാനത്തെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ്. "രാജ്യമാണ് പ്രധാനാം ബാക്കിയെല്ലാം അതിനു ശേഷമേ വരൂ. . ." എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് എക്സിൽ പങ്കുവച്ച പോസ്റ്റ്. ഇതിനകം ആയിരക്കണക്കിനു പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.
ദേശീയ പതാകയുമേന്തി കശ്മീരിലെ മഞ്ഞുമലകളെ അനുസ്മരിപ്പിക്കുന്ന പ്രദേശത്തിലൂടെ നടന്നുനീങ്ങുന്ന ഇന്ത്യൻ സൈനികരുടെ ചിത്രം സഹിതമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ്. ‘‘രാജ്യമാണ് പ്രധാനം. ബാക്കിയെല്ലാം അതിനുശേഷം മാത്രം’ എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടുമുണ്ട്.
‘‘സധൈര്യം ഓരോ ചുവടും. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. നമ്മുടെ സായുധ സൈന്യത്തിന് സല്യൂട്ട്." – പോസ്റ്റിനൊപ്പം ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചു.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർന്നത്. ഇതിനു പിന്നാലെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.