
വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും തിരിച്ചുവരവ് നിരാശാജനകം. ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇരുവരും പുറത്തായി. രോഹിത് ശർമ്മ 8 റൺസെടുത്ത് മടങ്ങിയപ്പോൾ വിരാട് കോലിയ്ക്ക് റൺസൊന്നും എടുക്കാനായില്ല. മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 136 റൺസാണ് നേടിയത്. 38 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പെർത്തിലെ ബൗൺസ് അഡ്ജസ്റ്റ് ചെയ്യാനായില്ല. അതുകൊണ്ട് തന്നെ വിക്കറ്റുകളെല്ലാം ക്യാച്ചായിരുന്നു. സ്കോർബോർഡിൽ 13 റൺസ് ആയപ്പോൾ ഇന്ത്യക്ക് രോഹിത് ശർമ്മയെ നഷ്ടമായി. 8 റൺസെടുത്ത രോഹിതിനെ ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ മാറ്റ് റെൻഷാ പിടികൂടുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ വിരാട് കോലി എട്ട് പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ കൂപ്പൻ കൊണോലിയാണ് കോലിയെ ഔട്ടാക്കിയത്. ശുഭ്മൻ ഗിൽ (10) നഥാൻ എല്ലിസിനും ശ്രേയാസ് അയ്യർ (11) ഹേസൽവുഡിനും മുന്നിൽ വീണു. ഇരുവരെയും ജോഷ് ഫിലിപ്പെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മഴ മുടക്കിയ മത്സരത്തിൻ്റെ ഓവറുകൾ പലതവണയായി വെട്ടി ചുരുക്കി. ആദ്യം 49 ഓവറാക്കിയ മത്സരം പിന്നീട് 35, 32 ഓവറുകളാക്കി ചുരുക്കി. ഒടുവിൽ ഇന്ത്യൻ സമയം അഞ്ച് മണിക്ക് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന മത്സരം 25 ഓവറാക്കിയും ചുരുക്കി. അക്സർ പട്ടേലും കെഎൽ രാഹുലും ഇന്ത്യക്കായി തിളങ്ങി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 39 റൺസ് നിർണായകമായി. 38 പന്തിൽ 31 റൺസ് നേടിയ മാത്യു കുന്മൻ അക്സറിനെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. മാറ്റ് റെൻഷായാണ് അക്സറിനെ പിടികൂടിയത്. 10 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും കുന്മന് മുന്നിൽ വീണു. 30 പന്തിൽ 38 റൺസ് നേടിയ കെഎൽ രാഹുലിനെ മിച്ചൽ ഓവൻ പുറത്താക്കി. റെൻഷാ തന്നെയാണ് രാഹുലിനെയും പിടികൂടിയത്. ഹർഷിത് റാണയും (1) അതേ ഓവറിൽ വീണു. അർഷ്ദീപ്സിംഗ് (0) റണ്ണൗട്ടായി. നിതീഷ് കുമാർ റെഡ്ഡി (11 പന്തിൽ 19), മുഹമ്മദ് സിറാജ് (0) എന്നിവർ നോട്ടൗട്ടാണ്.