
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുംറയുടെ പങ്കാളിത്തത്തെപ്പറ്റി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സ്. പരമ്പര ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരത്തിൽ ഒരു തീരുമാനം പറഞ്ഞത് ശരിയായില്ലെന്നാണ് ഡിവില്ല്യേഴ്സ് കുറ്റപ്പെടുത്തിയത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഡിവില്ലിയേഴ്സിൻ്റെ വിമർശനം.
“അദ്ദേഹമാണ് ഇപ്പോൾ എല്ലാ ഫോർമാറ്റിലെയും മികച്ച ബൗളർ. അതിനാൽ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുക എന്നത് എളുപ്പമല്ല. എന്നാൽ, എൻ്റെ അഭിപ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ്. ഈ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തിന് അഞ്ച് മത്സരങ്ങളും കളിക്കാൻ കഴിയണമായിരുന്നു. അതാണ് ഡെയിൽ സ്റ്റെയിൻ്റെ കാര്യത്തിൽ ഞങ്ങൾ ചെയ്തിരുന്നത്. പ്രാധാന്യം കുറഞ്ഞ ടി20കളിലും ഏകദിന പരമ്പരകളിലും അദ്ദേഹത്തിന് വിശ്രമം അനുവദിക്കണം. എന്നിട്ട് നിർണായക ടെസ്റ്റ് പരമ്പരകളിലെ മുഴുവൻ മത്സരങ്ങളിലും കളിപ്പിക്കണം.”- ഡിവില്ല്യേഴ്സ് പറഞ്ഞു.
“പരമ്പരയ്ക്ക് മുൻപ് ബുംറ എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന് പറഞ്ഞത് മിസ്മാനേജ്മെൻ്റ് ആണോ അതോ ഈയിടെ വീണ്ടും പരിക്കേറ്റതിനാലാണോ എന്നറിയില്ല. ചിലപ്പോൾ സർജൻ പറഞ്ഞിട്ടുണ്ടാവും, നിങ്ങൾക്ക് അഞ്ച് മത്സരങ്ങളും കളിക്കാനാവില്ലെന്ന്. അത് ബഹുമാനിക്കേണ്ടതുണ്ട്. എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തെ എങ്ങനെ മാനേജ് ചെയ്യണമെന്നത് ഇന്ത്യൻ ടീമാണ് തീരുമാനിക്കേണ്ടത്.”- ഡിവില്ല്യേഴ്സ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടാനായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബുംറയ്ക്ക് തിളങ്ങാനായില്ല. ഇത് ഇന്ത്യയുടെ പരാജയത്തിൽ നിർണായകമായിരുന്നു. ഈ മാസം രണ്ടിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.