
ഏകദിന ക്രിക്കറ്റിന് പകരം 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സുകളായി വണ്‍ഡേ ഫോര്‍മാറ്റിനെ പരിഷ്‌കരിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആറു വര്‍ഷം മുമ്പ് സച്ചിന്‍ മുന്നോട്ടു വച്ച ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും വാദ പ്രതിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ, സച്ചിന്റെ നിര്‍ദ്ദേശം വെറുമൊരു അഭിപ്രായം മാത്രമായി മാറി. ഏകദിന ഫോര്‍മാറ്റിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചതുമില്ല.
എന്നാലിപ്പോൾ, ‘ദി വണ്‍ വണ്‍ സിക്‌സ് നെറ്റ്‌വര്‍ക്ക്’ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഗൗരവ് ബഹിര്‍വാനി വിഭാവനം ചെയ്ത ‘ടെസ്റ്റ് ട്വന്റി’ എന്ന പുതിയ ഫോര്‍മാറ്റിനും, സച്ചിന്‍ അന്ന് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിനും സാമ്യങ്ങളേറെയുണ്ട്. ടെസ്റ്റും, ടി20യും സമന്വയിപ്പിച്ചുള്ള ഒരു ആശയമാണ് ടെസ്റ്റ് ട്വന്റി മുന്നോട്ടു വയ്ക്കുന്നത്. 80 ഓവറുകളാകും മത്സരം. അതായത് 20 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സ്.
ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉപദേശക സമിതിയില്‍ ഹർഭജൻ സിംഗ്, എബി ഡിവില്ലിയേഴ്‌സ്, ക്ലൈവ് ലോയ്ഡ്, മാത്യു ഹെയ്ഡൻ എന്നിവര്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുന്നതിനൊപ്പം, ക്രിക്കറ്റിന്റെ പാരമ്പര്യത്തെയും ഉള്‍ക്കൊള്ളുന്നതാണ് ഈ ഫോര്‍മാറ്റെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. താരങ്ങള്‍ക്ക് പുതിയ സ്വപ്‌നവും, ആരാധകര്‍ക്ക് പുതു അനുഭവവും ഈ ഫോര്‍മാറ്റ് പ്രദാനം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ടെസ്റ്റ് ട്വന്റി ക്രിക്കറ്റിന്റെ ‘കലയും താളവും’ തിരികെയെത്തിക്കുമെന്നായിരുന്നു ക്ലൈവ് ലോയ്ഡിന്റെ നിരീക്ഷണം. തലമുറകള്‍ക്കിടയിലുള്ള ക്രിക്കറ്റിന്റെ പാലമെന്നായിരുന്നു മാത്യു ഹെയ്ഡന്റെ വിശേഷണം. ക്രിക്കറ്റിന് പുതിയ ഹൃദയമിടിപ്പ് ആവശ്യമായിരുന്നെന്നും, ടെസ്റ്റ് ട്വന്റിക്ക് അത് സാധിക്കുമെന്നും ഹര്‍ഭജന്‍ സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2026 ജനുവരിയിലാകും ടെസ്റ്റ് ട്വന്റിയുടെ ആദ്യ സീസണ്‍ സംഘടിപ്പിക്കുന്നത്. ആറു ഫ്രാഞ്ചെസികളുണ്ടാകുമെന്നാണ് സൂചന. മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചെസികളും, ദുബായ് ലണ്ടന്‍, യുഎസ് എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്ന് ടീമുകളുണ്ടാകുമെന്നാണ് വിവരം. ഓരോ സ്‌ക്വാഡിലും 16 താരങ്ങളുണ്ടാകും. അതില്‍ എട്ടു പേരും ഇന്ത്യക്കാരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.