
വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലിനെ നായകനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റ ഋഷഭ് പന്തിനു പകരം രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ.ജഗദീഷൻ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ കരുൺ നായർ, ഋഷഭ് പന്ത് എന്നിവർ പുറത്തായി. ഇന്ത്യ എ ടീമിലെ മികച്ച പ്രകടനമാണ് ദേവ്‌ദത്ത് പടിക്കലിനെ വീണ്ടും ടീമിലേക്ക് എത്തിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതോടെയാണ് കരുൺ നായർക്കു ടീമിലെ സ്ഥാനം നഷ്ടമായത്. പരുക്ക് ഭേദമായതോടെയാണ് നിതീഷ് കുമാർ റെഡ്ഡി തിരിച്ചെത്തിയത്. ഋഷഭ് പന്തിനു പകരം രണ്ടാം വിക്കറ്റ് കീപ്പറായാണ് എൻ. ജഗദീഷൻ ടീമിലെത്തിയത്. ധ്രുവ് ജുറേലാണ് ഒന്നാം വിക്കറ്റ് കീപ്പർ.
ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുണ്ടായിരുന്ന ആകാശ് ദീപിനും ഹർഷിത് റാണയ്ക്കും ഇടം ലഭിച്ചില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ മറ്റു പേസർമാർ. കുൽദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലുള്ളപ്പോൾ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരുണ്ട്. ഗില്ലിനെ കൂടാതെ കെ.എൽ.രാഹുൽ, യശ്വസി ജയ്സ്വാൾ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റർമാർ.
ഇന്ത്യൻ ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ. സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ. ജഗദീഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.