
മൂന്നു വർഷങ്ങൾക്കുശേഷം യുഎസ് ഓപ്പൺ ടെന്നിസ് കിരീടം വീണ്ടും നേടിയിരിക്കുകയാണ് കാർലോസ് അൽകാരസ്. ഇറ്റലിക്കാരൻ യാനിക് സിന്നറെ വീഴ്ത്തിയാണ് സ്പെയിൻകാരൻ അൽകാരസിന്റെ കിരീടനേട്ടം. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ അൽകാരസ്, കലാശപ്പോരാട്ടത്തിലെ രണ്ടാം സെറ്റിൽ സിന്നർ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ചാംപ്യനായത്. സ്കോർ: 6-2 3-6 6-1- 6-4. ഇതോടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേയ്ക്കു എത്തുകയും ചെയ്തു.
അതേസമയം, അൽകാരസ്– സിന്നർ മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപായിരുന്നു ഫൈനൽ പോരാട്ടത്തിലെ ശ്രദ്ധാകേന്ദ്രം. ആധുനിക ടെന്നിസിലെ രണ്ടു പോസ്റ്റർ ബോയികൾ തമ്മിലുള്ള മത്സരം കാണാൻ സെലിബ്രറ്റികൾ തിങ്ങിനിറഞ്ഞ ആർതർ ആഷെ സ്റ്റേഡിയത്തിലേക്ക് ട്രംപ് എത്തിയപ്പോൾ ചിലർ കയ്യടിക്കുകയും മറ്റു ചിലർ കൂവുകയും ചെയ്തു. രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലുടനീളം ട്രംപ് സ്റ്റേഡിയത്തിൽ തന്നെ ഉണ്ടായിരുന്നു. മത്സരത്തിന്റെ അവസാനം അദ്ദേഹത്തിന്റെ മുഖഭാവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
സിന്നറിനെ വീഴ്ത്തി അൽകാരസ് തന്റെ രണ്ടാം യുഎസ് ഓപ്പൺ കിരീടം നേടിയപ്പോൾ കാണികൾ മുഴുവൻ കരഘോഷം മുഴക്കി, ഈ സമയം, ട്രംപ് ‘ഹാപ്പി’ ആയിരുന്നില്ലെന്നാണ് മുഖഭാവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രംപിന്റെ ‘അസന്തുഷ്ട’ ഭാവത്തിലുള്ള മീമുകളും സൈബർ ലോകം കൊണ്ടാടി.
‘അൽകാരാസ് മെക്സിക്കൻ അല്ലെന്ന് ആരെങ്കിലും ട്രംപിനോട് പറയൂ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഫൈനലിൽ ആരു ജയിക്കണമെന്ന കാര്യത്തിൽ നിഷ്‌പക്ഷനായിരുന്നെങ്കിലും ട്രംപിന്റെ മുഖഭാവം കണ്ടപ്പോൾ അൽകാരസ് ജയിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ട്രംപിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗാർഡിയോള, എൻബിഎ ഇതിഹാസം സ്റ്റെഫ് കറി തുടങ്ങിയവരും യുഎസ് ഓപ്പൺ ടെന്നിസ് ഫൈനൽ കാണാൻ എത്തിയിരുന്നു.