ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനത്തിൽ ടീം ഇന്ത്യയ്ക്ക് മികച്ച തുടക്കം. 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിൽ ഇന്ത്യ കളി അവസാനിപ്പിച്ചു. ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചറി നേടി. 144 പന്തുകളിൽ നിന്ന് 16 ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തിയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. സെഞ്ചറി തികച്ചതിനു പിന്നാലെ ജയ്സ്വാളിനെ ബെൻ സ്റ്റോക്സ് പുറത്താക്കി.
159 പന്തിൽ 101 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. 140–ാം പന്ത് ബൗണ്ടറി കടത്തിയാണ് ഗിൽ സെഞ്ചറിയിലെത്തിയത്. ശുഭ്മൻ ഗില്ലും (175 പന്തിൽ 127) ഋഷഭ് പന്തുമാണ് (102 പന്തിൽ 65) ക്രീസിൽ. ഇന്ത്യൻ ടീമിന്റെ പരമ്പരയിലെ ആദ്യ ദിവസം നേടുന്ന മൂന്നാമത്തെ മികച്ച സ്കോറാണ് ഇംഗ്ലണ്ടിനെതിരെ ലീഡ്സില്‍ സ്വന്തമാക്കിയ 359 റണ്‍സ്.
ഒരു പരമ്പരയുടെ ആദ്യ ദിനം രണ്ട് ഇന്ത്യന്‍ താരങ്ങൾ സെഞ്ചറി തികയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2001 ൽ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ആദ്യ ദിനം സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു. 2017ൽ ശ്രീലങ്കയ്ക്കെതിരെ ശിഖർ ധവാനും ചേതേശ്വർ പൂജാരയും സെഞ്ചറിയിലെത്തി.
ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ സെഞ്ചറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് യശസ്വി ജയ്സ്വാൾ. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റിൽ സെഞ്ചറി നേടുന്ന 5–ാമത്തെ ഇന്ത്യൻ നായകനെന്ന നേട്ടത്തിലേക്ക് ശുഭ്മൻ ഗില്ലുമെത്തി.