തമിഴ്നാട് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് താരത്തിന്റെ ബാറ്റ് രണ്ടായി ഒടിഞ്ഞു. ഇതിൽ ഒരു കഷ്ണം ബോളർക്കു നേരെ തെറിച്ചു. തിങ്കളാഴ്ച നടന്ന ചെപ്പോക്ക് സൂപ്പർ ഗില്ലീസ് – നെല്ലായി റോയൽ കിങ്സ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് ബാറ്റു ചെയ്യുമ്പോഴാണ് ബാറ്റ് രണ്ടായി ഒടിഞ്ഞത്. ചെപ്പോക്ക് സൂപ്പർ ഗില്ലീസ് താരം ആഷിഖിന്റെ ബാറ്റാണ് ഒടിഞ്ഞത്. നെല്ലായി റോയൽ കിങ്സിനായി എമ്മാനുവൽ ചെറിയാൻ ബോൾ ചെയ്യുമ്പോഴായിരുന്നു അപകടം.
മത്സരത്തിൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് 41 റൺസിന് ജയിച്ചു. ചെപ്പോക്ക് സൂപ്പർ ഗില്ലീസ് ഇന്നിങ്സിന്റെ നാലാം ഓവറിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. എമ്മാനുവൽ ചെറിയാൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ആഷിഖ് ബൗണ്ടറി നേടി. തൊട്ടടുത്ത പന്തിൽ വീണ്ടും ബൗണ്ടറിക്കു ശ്രമിക്കുമ്പോഴാണ് ബാറ്റ് രണ്ടായി ഒടിഞ്ഞത്. ഇതിൽ ഒരു കഷ്ണം തെറിച്ചുചെന്ന് ബോളറുടെ ദേഹത്ത് തട്ടി. ബാറ്റിന്റെ കഷ്ണം തെറിച്ചുവരുന്നതു കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ബോളറെയും വിഡിയോയിൽ കാണാം.
ആദ്യം ബാറ്റു ചെയ്ത ചെപ്പോക്ക് സൂപ്പർ ഗില്ലീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 212 റൺസ്. ഗില്ലീസിന്റെ ഓപ്പണറായിരുന്ന ആഷിഖ് 38 പന്തിൽ 54 റൺസാണ് നേടിയത്. മുൻ ഇന്ത്യൻ താരം കൂടിയായ വിജയ് ശങ്കർ (47), സ്വപ്നിൽ സിങ് (45), ക്യാപ്റ്റൻ ബാബ അപരാജിത് (41) എന്നിവരും തിളങ്ങിയതോടെയാണ് ഗില്ലീസ് മികച്ച സ്കോറിലേക്ക് എത്തിയത്.
മറുപടി ബാറ്റിങ്ങിൽ നെല്ലായി റോയൽ കിങ്സിന് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് നേടിയത്. 42 പന്തിൽ 51 റൺസെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ അരുൺ കാർത്തിക്കാണ് റോയൽ കിങ്സിന്റെ ടോപ് സ്കോറർ.