
ഇന്ത്യൻ കായിക മേഖലയിലെ അത്യപൂർവ കാഴ്ചയ്ക്കാണ് ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. പുരുഷ പോൾവോൾട്ട് മത്സരത്തിന്റെ തുടക്കം മുതൽ എതിരാളികളെ കടത്തിവെട്ടി ഒപ്പത്തിനൊപ്പം പൊരുതിയ തമിഴ്നാട് താരങ്ങളായ റീജനും ഗൗതമും ഒടുവിൽ സ്വർണവും പങ്കിട്ടെടുത്തു.
തമിഴ്നാടിനായി സ്വർണവും വെള്ളിയും നേടണം എന്ന തീരുമാനത്തിലാണ് സുഹൃത്തുക്കളായ റീജനും ഗൗതമും മത്സരത്തിനിറങ്ങിയത്. മത്സരം പുരോഗമിക്കവേ പോരാട്ടം ഇരുവരും തമ്മിൽ മാത്രമായി ചുരുങ്ങി. 5.11 മീറ്ററിന്റെ മീറ്റ് റെക്കോർഡ് ഗൗതമാണ് ആദ്യം തകർത്തത്. തൊട്ടുപിന്നാലെ റീജനും റെക്കോർഡ് മറികടന്നു. 5.20 മീറ്റർ ആദ്യ ശ്രമത്തിൽ തന്നെ ഇരുവരും പിന്നിട്ടു. പിന്നീട് ഉയരം 5.30 മീറ്ററാക്കി ഉയർത്തി. 3 തവണ വീതം ശ്രമിച്ചെങ്കിലും അത് മറികടക്കാനായില്ല. ഇതോടെ ഇരുവരും ഇനി മത്സരം വേണ്ട, സ്വർണം പങ്കുവയ്ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. തമിഴ്നാടിനായി സ്കൂൾ തലം മുതൽ ഒരുമിച്ച് മത്സരിക്കുന്ന ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്.