

ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഫെബ്രുവരി 15ന് നടക്കും. ഫെബ്രുവരി 7 ആണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് 8 ന് ഫൈനൽ മത്സരം. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്.
ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ എന്നീ ടീമുകൾ കളിക്കും. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഗ്രൂപ്പ് സിയിൽ പരസ്പരം മത്സരിക്കും. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഡിയിൽ കാനഡ, യുഎഇ എന്നീ ടീമുകളും ഉണ്ട്.
ഓരോ ദിവസവും മൂന്ന് മത്സരങ്ങൾ വീതമാണുള്ളത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിടും. മുംബൈയിലാണ് മത്സരം. പാകിസ്താൻ, നെതർലൻഡ്സ് മത്സരം കൊളംബോയിലും വെസ്റ്റ് ഇൻഡീസ്, ബെംഗ്ലാദേശ് മത്സരം കൊൽക്കത്തയിലും നടക്കും. ഈ മൂന്ന് വേദികൾ കൂടാതെ ഇന്ത്യയിൽ ചെന്നൈ, ഡൽഹി, അഹ്മദാബാദ് എന്നീ വേദികളുണ്ട്. ശ്രീലങ്കയിലെ വേദികളിൽ രണ്ടെണ്ണം കൊളംബോയിലാണ്. കാൻഡിയിലാണ് മൂന്നാമത്തെ വേദി.
നവംബർ 12ന് ഡൽഹിയിൽ നമീബിയയെ നേരിടുന്ന ഇന്ത്യ, 15ന് കൊളംബോയിൽ പാകിസ്താനെയും 18ന് അഹ്മദാബാദിൽ നെതർലൻഡ്സിനെയും നേരിടും. ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്ന് വരെ സൂപ്പർ എട്ട് മത്സരങ്ങൾ. മാർച്ച് നാല്, മാർച്ച് അഞ്ച് ദിവസങ്ങളിൽ സെമിയും മാർച്ച് എട്ടിന് ഫൈനലും നടക്കും.