
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ദാനയുടെ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് പോരാട്ടം 14.5 ഓവറിൽ 113ൽ അവസാനിച്ചു.
62 പന്തിൽ 15 ഫോറും മൂന്ന് സിക്‌സറും സഹിതം 112 റൺസാണ് സ്മൃതി നേടിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്മൃതി കുറിച്ചു.
മറുപടി ബാറ്റിങ്ങിൽ ഒരുഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ഇംഗ്ലണ്ടിനായില്ല. ക്യാപ്റ്റൻ നാറ്റ് സ്‌കൈവർ-ബ്രണ്ടന്റെ അർധ സെഞ്ച്വറി പ്രകടനവുമായി ചെറുത്ത് നിൽപ്പ് നടത്തി. ഇന്ത്യക്കായി ശ്രീ ചരണി നാലുവിക്കറ്റ് വീഴ്ത്തി.