
ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്നു ലഭിച്ച മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നൽകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയതിനുശേഷം സൂര്യകുമാർ സമൂഹമാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. സൂര്യയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ, സമാനമായ പ്രഖ്യാപനവുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാന്‍ ആഗയും രംഗത്തെത്തി.
‘‘നമ്മുടെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനും, പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു വേണ്ടിയും ഈ ടൂർണമെന്റിലെ എന്റെ മാച്ച് ഫീസ് നൽകാനാണു തീരുമാനം. നിങ്ങൾ എപ്പോഴും എന്റെ ചിന്തകളിലുണ്ടാകും. ജയ് ഹിന്ദ്.’’– സൂര്യകുമാർ യാദവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തകർത്തപ്പോൾ വിജയം ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിലെ ഇരകൾക്കുമാണ് സൂര്യകുമാർ സമർപ്പിച്ചത്. ടൂർണമെന്റിൽ മൂന്നു തവണ നേർക്കുനേർ വന്നപ്പോഴും പാക്ക് താരങ്ങളുമായി ഹസ്തദാനത്തിനും സൂര്യകുമാർ യാദവ് സമ്മതിച്ചിരുന്നില്ല.
അതേസമയം, ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ, ബാധിക്കപ്പെട്ട പാക്കിസ്ഥാൻ പൗരന്മാർക്കു ടീമിന്റെ മാച്ച് ഫീസ് മുഴുവൻ നൽകുമെന്നാണ് സൽമാൻ ആഗയുടെ പ്രഖ്യാപനം. ക്യാമറയ്ക്കു മുന്നിൽവച്ച് ഹസ്തദാനത്തിനു നില്‍ക്കാൻ മാത്രമാണ് ഇന്ത്യൻ താരങ്ങൾക്കു മടിയെന്നും സൽമാൻ ആഗ ആരോപിച്ചു. ടൂർണമെന്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനു മുൻപും റഫറിമാരുടെ യോഗത്തിലും സൂര്യകുമാർ യാദവുമായി ഹസ്തദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു സൽമാൻ ആഗയുടെ അവകാശവാദം.