

ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾക്ക് വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലും (ഡബ്ല്യുപിഎൽ) വൻ ഡിമാൻഡ്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ്– 2.5 കോടി), വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– 3.5 കോടി), റിച്ച ഘോഷ് (ബെംഗളൂരു– 2.75 കോടി), ജമീമ റോഡ്രീഗ്സ് (ഡൽഹി ക്യാപിറ്റൽസ്– 2.2 കോടി), ഷെഫാലി വർമ (ഡൽഹി– 2.2 കോടി) എന്നിവരെ അതാതു ഫ്രാഞ്ചൈസികൾ ടീമിൽ നിലനിർത്തി.
27ന് ഡൽഹിയിൽ നടക്കുന്ന ഡബ്ല്യുപിഎൽ താരലേലത്തിനു മുൻപായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയും അവരുടെ പ്രതിഫലവുമാണ് ഇന്നലെ പുറത്തുവിട്ടത്.
ഏകദിന ലോകകപ്പിലെ ടോപ് സ്കോറർ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർട്ടിനെയും (ഗുജറാത്ത് ജയന്റ്സ്), പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ദീപ്തി ശർമയെയും (യുപി വോറിയേഴ്സ്) ടീമുകൾ നിലനിർത്തിയില്ല. സ്മൃതി മന്ഥന, നാറ്റ്‌സിവർ ബ്രെന്റ് (മുംബൈ), ആഷ്‌ലി ഗാർഡ്നർ (ഗുജറാത്ത്) എന്നിവർക്കാണ് ഉയർന്ന പ്രതിഫലമായ 3.5 കോടി രൂപ ലഭിച്ചത്.
മലയാളി താരങ്ങളിലാരെയും ടീമുകൾ നിലനിർത്തിയില്ല. ഒരു ആഭ്യന്തര താരം അടക്കം പരമാവധി 5 താരങ്ങളെയാണ് ലേലത്തിന് വിടാതെ ഡബ്ല്യുപിഎൽ ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ അനുമതിയുണ്ടായിരുന്നത്.