
സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണിനു തുടക്കമായി. കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഉൾപ്പെടെയുള്ള ടീം ഉടമകളുടെ സാന്നിധ്യത്തിൽ സൂപ്പർ ലീഗ് ട്രോഫിയും പന്തും ടീമുകളുടെ ജഴ്സിയും പ്രകാശനം ചെയ്തു. ‘കിക്ക് ഓഫ് ടു ഗ്ലോറി’ എന്ന പേരിൽ ദുബായിൽ നടന്ന മെഗാ ഇവന്റിലാണ് പുതിയ സീസണിന്റെ പ്രഖ്യാപനം നടന്നത്.
ലീഗിന്റെ ഔദ്യോഗിക മാച്ച് ബോളിന് ‘സാഹോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫിഫ അംഗീകൃത പന്താണിത്. ഒപ്പം, ആനയുടെ മുഖത്തോടെയുള്ള സൂപ്പർ ലീഗ് ട്രോഫിയും ഫുട്ബോൾ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചു.
യുവ ഫുട്ബോൾ താരങ്ങൾക്ക് രാജ്യാന്തര മൽസരങ്ങളിലേക്ക് ഉയർന്നു വരാൻ ഒരു പ്രൊഫഷണൽ വേദിയെന്നതാണ് സൂപ്പർ ലീഗ് കേരളയുടെ ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, എൻ. എ. ഹാരിസ്, ഡോ. ഷംഷീർ വയലിൽ, വേണു രാജാമണി, ഹാരിസ് ബീരാൻ എംപി, ചാരു ശർമ, മാത്യു ജോസഫ് എന്നിവരും പങ്കെടുത്തു.