
കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സി നേരിടും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക് വേടൻ ഉൾപ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൂപ്പർ ലീഗ് കേരളം ക്ലബ് ഉടമകളും സിനിമ താരങ്ങളും മറ്റു രാഷ്ട്രീയ നേതാക്കളും കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. രാത്രി 8 മണിക്കാണ് ഉദ്ഘാടന മത്സരം.
പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നത്. ഇത്തവണ അത് ആറായി ഉയർന്നു. കണ്ണൂരിനും തൃശൂരിനും ഹോം ഗ്രൗണ്ടുകൾ ലഭിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകൾ.
കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി എഫ്സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. പുതുതായി ഉൾപ്പെടുത്തിയ മൂന്നു വേദികളും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയെടുത്തിട്ടുണ്ട്.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ് എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പൻസ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങൾക്ക് വേദിയാവും. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. തുടർന്ന് ഡിസംബർ 14ന് ഫൈനൽ. എല്ലാ മത്സരങ്ങളും സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്പോർട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നത്.