
ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ എത്തുന്നു. ഒക്ടോബർ രണ്ടിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിന് മുന്നോടിയായി സൂപ്പർ ലീഗ് കേരള പുറത്തിറക്കിയ പ്രമോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. പൃഥ്വിരാജും ബേസിലുമാണ് പ്രമോയില്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍ ടീമിന്റെ ഉടമയായ ബേസില്‍ പൃഥ്വിരാജിനെ ഫോണ്‍ വിളിക്കുന്നതായാണ് പ്രമോ വീഡിയോ.
"ഹലോ മിസ്റ്റർ പൃഥ്വിരാജ് സുകുമാരന്‍. ഫുട്ബോള്‍ ഗ്രൗണ്ടില്‍ തീയാകും ഞങ്ങള്‍ കാലിക്കറ്റ് എഫ്സി. സീസണ്‍ ടുവാണ് വരുന്നത്. പേടിയുണ്ടോ? ചാംപ്യനാണ് സംസാരിക്കുന്നത്''- എന്നാണ് ബേസിൽ വീഡിയോയിൽ പറയുന്നത്.
ഇത്തവണ നിങ്ങളുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിയും വെല്ലുവിളിക്കുന്നു. രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസില്‍ കുശലം ചോദിക്കുമ്പോള്‍ അല്ല സ്കോർസസിയുമായി ചർച്ചയിലാണെന്ന് മറുപടിയും നല്‍കുന്നുണ്ട് താരം.