
ന്യൂയോർക്ക്: ഇഞ്ച്വറി സമയത്ത് പിറന്ന മൂന്ന് ഗോളുകളുടെ സൂപ്പർ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് റയൽ ക്ലബ് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. എന്നാൽ ഇഞ്ച്വറി സമയത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയ റയൽ താരം ഡീൻ ഹ്യുസന് സെമി ഫൈനൽ നഷ്ടമാവും.
സ്പാനിഷ് യുവതാരം ഗോൺസാലോ ഗാർഷ്യ, പ്രതിരോധ താരം ഫ്രാൻ ഗാർഷ്യ എന്നിവരുടെ ഗോളിൽ റയലാണ് മത്സരത്തിൽ ആദ്യം ലീഡെടുക്കുന്നത്. രണ്ടാം പകുതിക്കനുവദിച്ച അഞ്ച് മിനുട്ടിന്റെ ഇഞ്ച്വറി സമയത്തിൽ റയൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് മാക്സ്മില്ലിയൻ ബെയിയർ ഡോർട്മുണ്ടിനായി ആദ്യ ഗോൾ നേടി. പിന്നാലെ ഗുള്ളറിന്റെ പാസിൽ ആക്രോബാറ്റിക് ഫിനിഷിലൂടെ കിലിയൻ എംബാപ്പെ ഗോൾ നേടിയതോടെ സമനിലയിലായി.
ജയമുറപ്പിച്ച റയലിന് തിരിച്ചടിയായി, പന്തുമായി ബോക്സിലേക്ക് കടന്ന ഗുറാസിയെ വീഴ്ത്തിയതിന് റയൽ താരം ഡീൻ ഹ്യുസന് റഫറി ചുവപ്പ് കാർഡ് വീശിയത്. ലഭിച്ച പെനാൽറ്റി ഗുറാസി വലയിലെത്തിച്ചതോടെ മത്സരം 3-2. അവസാന മിനുട്ടിൽ ഗോളെന്നുറപ്പിച്ച ഡോർട്ട്മുണ്ട് താരത്തിന്റെ ഷോട്ട് തടുത്തിട്ട ഗോൾകീപ്പർ തിബോ കോർട്ടുവ റയലിന്റെ വിജയനായകനായി.
പിഎസ്ജിയാണ് സെമിയിൽ റയലിന്റെ എതിരാളികൾ. ജൂലൈ ഒമ്പത്, പത്ത് തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ഫ്ലുമിനിയൻസും ചെൽസിയുമാണ് മറ്റ് സെമി ഫൈനലിസ്റ്റുകൾ.