
ന്യൂഡൽഹി: സൂപ്പർ കപ്പ് ഫുട്ബോളിന് ഒക്ടോബർ 25ന് ഗോവയിൽ കിക്കോഫ്. ഒക്ടോബർ 25 മുതൽ നവംബർ 22 വരെ രണ്ടു ഘട്ടമായി സൂപ്പർ കപ്പ് നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) അറിയിച്ചു.
ഒഡീഷ എഫ്സി ഒഴികെയുള്ള മറ്റ് ഐഎസ്‍എൽ ടീമുകൾ മത്സരങ്ങൾക്ക് തയ്യാറായിട്ടുണ്ട്. താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, നാലു ഗ്രൂപ്പുകളിലായി 16 ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്ടോബർ 25 നും നവംബർ 6 നും ഇടയിൽ നടക്കും. തുടർന്ന് ഫിഫ രാജ്യാന്തര മത്സരങ്ങൾക്കായി ഇടവേള.
സെമി ഫൈനലുകളും ഫൈനലും ഉൾപ്പെടുന്ന നോക്കൗട്ട് ഘട്ടത്തിനുള്ള തീയതികൾ നിശ്ചയിച്ചിട്ടില്ല, എന്നാൽ നവംബർ 18ന് ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ടൂർണമെന്റ് പുനരാരംഭിക്കുമെന്നാണ് സൂചന.