

ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനു സമ്മാനമൊഴുകകയാണ്. ബിസിസിഐയും സംസ്ഥാന സർക്കാരുകളും മുതൽ വിവിധ ബ്രാൻഡുകൾ വരെ താരങ്ങൾക്ക് വമ്പൻ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകകപ്പ് ജയത്തിനു പിന്നാലെ താരങ്ങളുടെ ബ്രാൻഡ് വാല്യുവും കുതിച്ചുയർന്നിട്ടുണ്ട്.
ലോകകപ്പ് ജേതാക്കൾക്ക് ഐസിസി നൽകുന്ന 40 കോടി രൂപയ്ക്കു പുറമെ 51 കോടി രൂപയാണ് പാരിതോഷികമായി ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. റിച്ച ഘോഷ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ഹർലീൻ ഡിയോൾ തുടങ്ങിയ താരങ്ങൾക്ക് അതതു സംസ്ഥാന സർക്കാരുകളും പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാൽ, വാഗ്ദാനം നൽകിയ ഈ പാരിതോഷികങ്ങളോ സ്പോൺസർഷിപ്പ് ഡീലുകളോ ലഭിച്ചില്ലെങ്കിൽ നിരാശരാകരുതെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. 1983ൽ ഇന്ത്യൻ പുരുഷ ടീം ലോകകപ്പ് നേടിയപ്പോഴുള്ള തന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗാവസ്കറുടെ മുന്നറിയിപ്പ്.
‘‘ഈ പെൺകുട്ടികൾക്ക് ഒരു മുന്നറിയിപ്പ് മാത്രം. വാഗ്ദാനം ചെയ്ത ചില അവാർഡുകൾ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിരാശപ്പെടരുത്. ഇന്ത്യയിൽ, പരസ്യദാതാക്കളും ബ്രാൻഡുകളും വ്യക്തികളും വിജയികളുടെ ചുമലിൽ ചാടിക്കയറി സൗജന്യമായി പബ്ലിസിറ്റി കിട്ടാൻ ശ്രമിക്കും. ടീമിനെ അഭിനന്ദിക്കുന്ന മുഴുവൻ പേജ് പരസ്യങ്ങളും ഹോർഡിങ്ങുകളും നോക്കൂ. ടീമിന്റെയും താരങ്ങളുടെയും സ്പോൺസർമാർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം അവരുടെ ബ്രാൻഡുകളെ പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനനേട്ടം കൊണ്ടുവന്നവരെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല.’’– ഒരു ലേഖനത്തിൽ ഗാവസ്കർ പറഞ്ഞു.
1983ൽ പുരുഷ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനും സമാനമായ ഒട്ടേറെ വാഗ്ദാനങ്ങൾ ലഭിച്ചെന്നും എന്നാൽ അവയിൽ ചിലത് ഒരിക്കലും യാഥാർഥ്യമായില്ലെന്നും ഗാവസ്കർ പറഞ്ഞു. ഇന്ത്യൻ ടീമിന്റെ നേട്ടത്തെ യഥാർഥത്തിൽ അംഗീകരിക്കാതെ, ലോകകപ്പ് വിജയം സ്വന്തം ബിസിനസ് പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ബ്രാൻഡുകളെയും ഗാവസ്കർ വെറുതെ വിട്ടില്ല.
‘‘1983ലെ ടീമിനും ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. മാധ്യമങ്ങളിൽ അവയെല്ലാം വലിയ വാർത്താ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഒട്ടുമിക്കവയും യാഥാർഥ്യമായില്ല. മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം അവർ അഭിമാനകരമായ പ്രഖ്യാപനങ്ങൾ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. ഈ നാണമില്ലാത്ത ആളുകൾ തങ്ങളെയും ഉപയോഗിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കിയില്ല. അതിനാൽ പെൺകുട്ടികളേ, ഈ നാണമില്ലാത്തവർ സ്വയം ഉയർത്തിക്കാട്ടാൻ നിങ്ങളുടെ വിജയം ഉപയോഗിക്കുകയാണെങ്കിൽ നിരാശപ്പെടരുത്.’’– ഗാവസ്‌കർ കൂട്ടിച്ചേർത്തു.