

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഈ നേട്ടം സവിശേഷമാണെന്നും മോദി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരണം നടത്തിയത്.
'തലമുറകള്‍ ഓര്‍ത്തുവെക്കുന്ന വിജയമാണ് രാജ്യത്തിന് ലഭിച്ചത്. പാരിസില്‍ ഇന്ത്യന്‍ ഹോക്കി ടീം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചാണ് വെങ്കലമെഡല്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമെന്ന നിലയില്‍ ഈ വിജയം അല്‍പ്പം കൂടി സവിശേഷമാണ്. കഴിവിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ടീം സ്പിരിറ്റിന്റെയും വിജയമാണിത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍', മോദി എക്‌സില്‍ കുറിച്ചു.