"തെരുവു നായ്ക്കളെ ഒഴിവാക്കരുത്, അവയ്ക്ക് മെച്ചപ്പെട്ട ജീവിതം നൽകണം"; കപിൽ ദേവ് | Street dogs
ന്യൂഡൽഹി: തെരുവു നായ്ക്കൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. തെരുവുകളിലുള്ള നായ്ക്കളെ എത്രയും പെട്ടെന്ന് ഷെൽട്ടർ ഹോമുകളിലേക്കു മാറ്റണമെന്ന കോടതി നിർദേശത്തിനു പിന്നാലെയാണു കപിൽ ദേവിന്റെ ആവശ്യം.
‘‘തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട് ഒരുപാടു ചര്‍ച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഏറ്റവും മനോഹരമായ ജീവികളാണ് അവർ എന്നാണ് എനിക്ക് പറയാനുള്ളത്. നായ്ക്കളുടെ കാര്യം കൂടി പരിഗണിക്കണം. മികച്ചൊരു ജീവിതം ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കണം. തെരുവു നായ്ക്കളെ ഒഴിവാക്കരുത്.’’– ‘പെറ്റ്ഫാമിലിയ’ എന്ന മൃഗസംരക്ഷണ സംഘടന പുറത്തുവിട്ട വിഡിയോയിലാണ് കപിൽദേവിന്റെ പ്രതികരണം.
തെരുവു നായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികളിൽ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന കർശന നിർദേശം ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആഗസ്റ്റ് 11നാണ് നൽകിയത്. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.