
സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിക്കും. തുടർന്ന്, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ നടക്കും.
22 മുതൽ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക മത്സരങ്ങളിൽ 1944 കുട്ടികൾ പങ്കെടുക്കും. ഗൾഫിലെ 7 സ്‌കൂളുകളിൽ നിന്നുള്ള 35 കുട്ടികളുമുണ്ട്. മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ആദ്യ ബാച്ചിന് ഇന്ന് രാത്രി മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
ആയിരത്തോളം ഒഫിഷ്യൽസും രണ്ടായിരത്തോളം വൊളന്റിയേഴ്‌സും കായികമേളയുടെ ഭാഗമാകും. 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ പാകത്തിൽ വിപുലമായ ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 74 സ്കൂളുകളിലായാണു കുട്ടികൾക്കു താമസ സൗകര്യമൊരുക്കുക. ഇവർക്കു യാത്ര ചെയ്യാൻ 142 ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂൾ കായികമേളയിൽ ആദ്യമായി ഇക്കുറി തീം സോങ് അവതരിപ്പിക്കും. കുട്ടികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ച ഗാനം പുറത്തിറക്കി. പാലക്കാട് പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ 12–ാം ക്ലാസ് വിദ്യാർഥി വി. പ്രഫുൽദാസ് ആണു ഗാനം രചിച്ചത്. സംഗീത സംവിധാനം – തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനി ശിവങ്കരി പി.തങ്കച്ചി.