
കേരള ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് ഇത്തവണയും കെസിഎല്ലിലേക്ക് ഒട്ടേറെ താരങ്ങളുണ്ട്. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ വരുൺ നായനാരെ തൃശൂർ ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു. ശ്രീരൂപ് എം പി, മൊഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് രണ്ടാം സീസണിൽ കണ്ണൂരിൽ നിന്ന് കെസിഎല്ലിലേക്ക് ഉള്ളത്.
പോയ വർഷം കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരമായിരുന്നു സൽമാൻ നിസാർ. 12 മല്സരങ്ങളിൽ നിന്ന് 455 റൺസുമായി സീസണിലെ ടീമിൻ്റെ ടോപ് സ്കോററായ സൽമാൻ നാല് അർദ്ധ സെഞ്ച്വറികളും നേടിയിരുന്നു. തുടർന്നുള്ള രഞ്ജി സീസണിലും തുടരൻ സെഞ്ച്വറികളുമായി മികച്ച ഫോം കാഴ്ച വച്ച സൽമാൻ നിസാറിനെ ചുറ്റിപ്പറ്റിയാണ് ഈ സീസണിലും ടീമിൻ്റെ പ്രതീക്ഷകൾ. അഞ്ച് ലക്ഷം രൂപയ്ക്കാണ് സൽമാനെ ടീം നിലനിർത്തിയത്. ജില്ലയിൽ നിന്ന് തന്നെയുള്ള അക്ഷയ് ചന്ദ്രനെ ആലപ്പി റിപ്പിൾസ് നിലനിർത്തിയതും അഞ്ച് ലക്ഷം രൂപയ്ക്കാണ് . കഴിഞ്ഞൊരു പതിറ്റാണ്ടോളമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ബാറ്റിങ്ങിനൊപ്പം ഇടംകയ്യൻ സ്പിന്നറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ ഏഴ് വിക്കറ്റുകൾ നേടുന്നതിനൊപ്പം 49 റൺസും നേടിയിരുന്നു.
ആദ്യ സീസണിൽ തൃശൂരിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വരുൺ നായനാർ. 238 റൺസുമായി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായിരുന്നു വരുൺ. 3.20 ലക്ഷത്തിനാണ് തൃശൂർ ഇത്തവണയും വരുണിനെ ടീമിലെത്തിച്ചത്. അർജുൻ നമ്പ്യാർ, മൊഹമ്മദ് നാസിൽ, ശ്രീരൂപ് എം പി എന്നിവർക്ക് ഇത് കെസിഎല്ലിലെ ആദ്യ സീസണാണ്.