
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം സ്റ്റാൻഡ് ബൈ താരങ്ങളെ ബിസിസിഐ യുഎഇയിലേക്ക് അയയ്ക്കില്ല. യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നിവരാണ് ഏഷ്യാകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരങ്ങളായുള്ളത്. ഇവരെ പ്രധാന ടീമിനൊപ്പം യുഎഇയിലേക്കു കൊണ്ടുപോകില്ല. ഏഷ്യാ കപ്പ് ടീമിലെ ആർക്കെങ്കിലും പരുക്കേറ്റാൽ മാത്രമേ പകരക്കാർക്കു ടീമിൽ അവസരം ലഭിക്കുകയുള്ളൂ.
സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. 15 അംഗ ടീമിനെ സൂര്യകുമാർ യാദവാണു നയിക്കുന്നത്. സാധാരണയായി പ്രധാന ടൂർണമെന്റുകൾക്കു വിദേശത്തേക്കു പോകുമ്പോൾ താരങ്ങളെല്ലാം മുംബൈയിലെ ടീം ക്യാംപിലെത്തി ഒരുമിച്ച് യാത്ര ചെയ്യുകയാണു പതിവ്. എന്നാൽ ഏഷ്യാകപ്പിൽ താരങ്ങൾക്കെല്ലാം സൗകര്യമാകുന്ന തരത്തിൽ സ്വന്തം നാടുകളിൽനിന്ന് യുഎഇയിലേക്കു എത്തിയാൽ മതിയാകും.
സെപ്റ്റംബർ നാലിനു ദുബായില്‍ എത്തിച്ചേരണമെന്നാണ് താരങ്ങൾക്കു ബിസിസിഐ നൽകിയ നിർദേശം. സെപ്റ്റംബർ അഞ്ചിന് ദുബായിലെ ഐസിസി അക്കാദമിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങും. ഏഷ്യാകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ, കേരള ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതിനായി തിരുവനന്തപുരത്താണുള്ളത്. സഞ്ജു തിരുവനന്തപുരത്തുനിന്ന് നേരിട്ട് യുഎഇയിലേക്കു പോകാനാണു സാധ്യത. അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നീ താരങ്ങൾ ദുലീപ് ട്രോഫിയുടെ തിരക്കുകളിലാണ്.