ഇസ്ലാമാബാദ്: പാകിസ്ഥാനും ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ, സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ശ്രീലങ്കൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ അഭ്യർഥിച്ചതായി റിപ്പോർട്ട്. ഇസ്ലാമാബാദിൽ നടന്ന സ്ഫോടനത്തെ തുടർന്നാണ് താരങ്ങൾക്കിടയിൽ സുരക്ഷാ ആശങ്കകൾ ഉയർന്നത്.(Sri Lankan cricketers request to return home over security concerns)
ടീമിലെ നിരവധി അംഗങ്ങൾ നാട്ടിലേക്ക് മടങ്ങാൻ അഭ്യർഥിച്ചതായി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള ആഗ്രഹം ഏതാനും താരങ്ങൾ പ്രകടിപ്പിച്ചതായി ടീം മാനേജ്‌മെന്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, താരങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായതെല്ലാം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) ചെയ്യുമെന്ന് ഉറപ്പുനൽകിയതായി എസ്.എൽ.സി. വ്യക്തമാക്കി.
ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിൽ (എസ്.എൽ.സി.) കളിക്കാരുമായും പിന്നീട് പി.സി.ബിയുമായും ചർച്ച നടത്തി. പാക് ക്രിക്കറ്റ് ബോർഡും സുരക്ഷാ ഉദ്യോഗസ്ഥരും ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ എസ്.എൽ.സി. തൃപ്തി രേഖപ്പെടുത്തി. തുടർന്ന്, 2025-ലെ ശ്രീലങ്കൻ പര്യടനം ഷെഡ്യൂൾ ചെയ്തതുപോലെ തുടരുമെന്ന് എസ്.എൽ.സി. ഉറപ്പുനൽകി.
ടൂർണമെന്റിൽ തുടരാൻ എല്ലാ കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും മാനേജ്‌മെൻ്റിനും നിർദ്ദേശം നൽകിയതായി എസ്.എൽ.സി. വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഏതെങ്കിലും കളിക്കാരനോ സ്റ്റാഫ് അംഗമോ ശ്രീലങ്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, പരമ്പര മാറ്റി വെക്കുന്ന കാര്യം ആലോചിക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിൽ അധികൃതർ ചൂണ്ടിക്കാട്ടി.