
ഏഷ്യാകപ്പിൽ സൂപ്പർ ഫോർ റൗണ്ടിലെത്തിയ സന്തോഷത്തിനിടെ ശ്രീലങ്കൻ ടീം ക്യാംപിനെ ദുഃഖത്തിലാഴ്ത്തി ബോളർ ദുനിത് വെല്ലലഗെയുടെ പിതാവിന്റെ മരണം. അബുദബിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്ന സമയത്താണ്, ദുനിതിന്റെ പിതാവ് സുരങ്ക വെല്ലലഗെ ഹൃദയാഘാതമുണ്ടായി മരണപ്പെടുന്നത്. മത്സരത്തിനു പിന്നാലെ ശ്രീലങ്കൻ ടീം പരിശീലകൻ സനത് ജയസൂര്യ ദുനിത് വെല്ലലഗെയെ പിതാവിന്റെ വിയോഗം അറിയിച്ചു. ജയസൂര്യയും ലങ്കൻ താരങ്ങളും ദുനിതിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
‘‘ദുനിതിന്റെ പിതാവ് അൽപം മുൻപാണു നമ്മളെ വിട്ടുപിരിഞ്ഞത്. വളരെ വേദനയോടെയാണു ഞാനിത് പറയുന്നത്. മരണ വിവരം ദുനിതിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു പിന്തുണ നൽകേണ്ട സമയമാണിത്. ആഘോഷ പ്രകടനങ്ങൾ അവസാനിപ്പിക്കണം.’’– മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് കമന്ററിക്കിടെ പ്രതികരിച്ചു. ശ്രീലങ്കയിലെ പ്രിൻസ് ഓഫ് വെയിൽസ് ടീമിന്റെ ക്യാപ്റ്റനായി കളിച്ചിട്ടുള്ള സുരങ്കയ്ക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചിരുന്നില്ല.