
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.
38 കാരനായ അശ്വിൻ മിനി ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി ഒഴിയേണ്ടി വരും.