
സ്പാനിഷ് ലീഗിൽ ഗെറ്റാഫെയെ 1-0ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. കിലിയൻ എംബാപ്പെയുടെ പത്താമത്തെ ലീഗ് ഗോളാണ് റയലിനു വിജയം സമ്മാനിച്ചത്. ഗെറ്റാഫെ താരം അലൻ ന്യോമിന് ചുവപ്പ് കാർഡ് ലഭിച്ചത് റയലിന് അനുകൂലമായി. പകരക്കാരനായെത്തിയ അലൻ ഏകദേശം 40 സെക്കൻഡിനുള്ളിൽ റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ച് പുറത്താവുകയായിരുന്നു. 77ാം മിനിറ്റിലായിരുന്നു ഇത്.
തൊട്ടുപിന്നാലെ, 80ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഗോൾ നേടി റയലിന് വിജയം സമ്മാനിച്ചു. ആർഡ ഗുലർ നൽകിയ മികച്ച ത്രൂ ബോളിൽ നിന്നായിരുന്നു എംബാപ്പെയുടെ ഷോട്ട്. തുടർന്ന്, നാല് മിനിറ്റിനുശേഷം വിനിഷ്യസ് ജൂനിയറിനെ വീണ്ടും ഫൗൾ ചെയ്തതിന് അലക്സ് സാൻക്രിസിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗെറ്റാഫെ ടീം 9 പേരായി ചുരുങ്ങി.
എംബാപ്പെ ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി കളിച്ച 14 മത്സരങ്ങളിൽ 13ലും ഗോൾ നേടിയിട്ടുണ്ട്. ഈ വിജയത്തോടെ റയൽ മാഡ്രിഡ്, ശനിയാഴ്ച ജിറോണയെ തോൽപ്പിച്ച ബാഴ്‌സലോണയെക്കാൾ രണ്ട് പോയിന്‍റ് മുന്നിൽ ഒന്നാം സ്ഥാനത്തെത്തി.