
സ്പാനിഷ് ലാലിഗ ഫുട്ബോൾ മത്സരത്തിൽ റയൽ ഒബിയെഡോയ്ക്കെതിരെ റയൽ മഡ്രിഡിന് 3–0ന്റെ ഉജ്ജ്വല ജയം. സൂപ്പർ താരം കിലിയൻ എംബപെ ഇരട്ട ഗോളുകളുമായി തിളങ്ങി. ബ്രസീലിയൻ സ്ട്രൈക്കർ വിനീസ്യൂസ് ജൂനിയറിന്റെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോൾ. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച റയലിനു മുന്നിൽ ഒബിയെഡോയ്ക്ക് പിടിച്ചു നിൽക്കാനായില്ല. 37–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തു നിന്ന് എംബപെ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് അനായാസം ലക്ഷ്യം കണ്ടു.
ആദ്യ പകുതി മറ്റു പരുക്കുകളില്ലാതെ പിടിച്ചുനിർത്തിയ ഒബിയെഡോ താരങ്ങൾ രണ്ടാം പകുതിയിൽ കൂടുതൽ ആവേശത്തോടെ കളിച്ചെങ്കിലും സമനില ഗോൾ മാത്രം അകന്നുനിന്നു. പിന്നാലെ 83–ാം മിനിറ്റിൽ വിനീസ്യൂസിന്റെ അസിസ്റ്റിൽ എംബപെയുടെ രണ്ടാം ഗോൾ. 10 മിനിറ്റിനുള്ളിൽ വിനീസ്യൂസ് കൂടി ലക്ഷ്യം കണ്ടതോടെ റയലിന്റെ സ്കോർ കാർഡ് പൂർണമായി.
മറ്റു മത്സരങ്ങളിൽ ബാർസിലോന 3–2ന് ലെവാന്തയെയും വിയ്യാറയൽ 5–0ന് ജിറോണയെയും തോൽപിച്ചു. റയൽ സോസിദാദ്– എസ്പാന്യോൾ പോരാട്ടം 2–2 സമനിലയിൽ പിരിഞ്ഞു.