
മാഡ്രിഡ് : ഡിസംബറിൽ നടക്കാനിരിക്കുന്ന ബാഴ്‌സലോണ വിയ്യാറയൽ മത്സരം അമേരിക്കയിലെ മിയാമിയിൽ കളിക്കാനുള്ള ലാലീഗയുടെ അഭ്യർത്ഥന അംഗീകരിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. വിയ്യാറയലിന്റെ സ്റ്റേഡിയമായ സ്റ്റേഡിയ ഡി ലാ സെറാമിക്കയിൽ നടക്കാനിരുന്ന മത്സരമാണ് അമേരിക്കയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. യുവേഫ, ഫിഫ, ഉത്തരമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺകാകാഫ്, അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവരുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഇത് നടക്കുകയുള്ളൂ.
ഡിസംബർ 20 നും 21 നുമിടയിൽ നടക്കാനിരിക്കുന്ന മത്സരമാണ് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ലാലിഗ പ്രെസിഡന്റായ ഹാവിയർ ടെബാസ് ലാലിഗ മത്സരങ്ങൾ വിദേശത്തേക്ക് മാറ്റാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ക്ലബ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു യൂറോപ്യൻ ലീഗ് മത്സരം അമേരിക്കയിൽ അരങ്ങേറുക. ക്യാമ്പ് നൗവിൽ കളിക്കാനിരിക്കുന്ന ഈ മത്സരത്തിന്റെ രണ്ടാം പാദം എവിടെ കളിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.