
ടോട്ടൻഹാം ഹോട്സ്പർ വിടുന്നതായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സൺ. സോളിൽ നടന്ന ന്യൂകാസിൽ യുനൈറ്റഡുമായുള്ള സൗഹൃദ മത്സരം സണിന്റെ അവസാന മത്സരമായിരുന്നു. 64ാം മിനുറ്റിൽ സണിനെ കോച്ച് തിരിച്ചുവിളിക്കുമ്പോൾ ഇരുടീമിലെയും താരങ്ങൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
2015 ലാണ് 33കാരനായ സൺ ബയർ ലെവർക്യൂസണിൽ നിന്നും ടോട്ടൻഹാമിലെത്തുന്നത്. 333 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സൺ 126 ഗോളുകൾ നേടുകയും 2025ൽ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടനം ടീമിലെ നിർണായക സാന്നിധ്യമാകുകയും ചെയ്തു.
‘‘ഈ വേനലോടെ ക്ലബിൽ നിന്നും പോകാൻ ഞാൻ തീരുമാനിച്ചതാണ്. എന്റെ ഫുട്ബോൾ കരിയറിൽ ഞാനെടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാണമാണിത്. ഒരു ടീമിനൊപ്പം പത്ത് വർഷങ്ങൾ കളിക്കുക എന്നത് അഭിമാനമുള്ള കാര്യമാണ്. ഓരോ ദിവസവും ഈ ടീമിനായി ഞാൻ എല്ലാം നൽകി. ഗ്രൗണ്ടിലും അതിന് പുറത്തും ഞാൻ ഏറ്റവും മികച്ചത് തന്നെ നൽകി. യൂറോപ്പ ലീഗ് വിജയിക്കാനായത് നേട്ടമായി കരുതുന്നു.’’
‘‘പത്തുവർഷം മുമ്പ് ടോട്ടൻഹാമിലെത്തുമ്പോൾ ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയാത്ത കുട്ടിയായിരുന്നു. ഒരു മുതിർന്നയാളായാണ് ഞാൻ ഇവിടെ നിന്നും മടങ്ങുന്നത്. വിട പറയാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്ന് കരുതുന്നു’’ -സൺ പ്രതികരിച്ചു.
എന്നാൽ, അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുമെന്ന ശുഭ പ്രതീക്ഷയും സൺ പങ്കുവെച്ചു. അടുത്ത ലോകകപ്പ് എന്റെ അവസാനത്തേതാകുമെന്നും അതിനായി എല്ലാം നൽകുമെന്നും സൺ കൂട്ടിച്ചേർത്തു.