

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം അവസാനിക്കുമ്പോൾ 7ന് 93 റൺസെന്ന നിലയിലാണ്. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്.
ക്യാപ്റ്റൻ ടെംബ ബാവുമ (78 പന്തിൽ 29*), കോർബിൻ ബോഷ് (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. 91 റൺസെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. പുറത്തായവരിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസനുമാണ് (16 പന്തിൽ 13) എന്നിവരാണു പുറത്തായത്.
സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിനിടെ പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ഓവർ മുതൽ സ്പിന്നർമാരെ പന്തേൽപ്പിക്കാനുള്ള ഋഷഭിന്റെ തീരുമാനം മികച്ചതായി. ഗില്ലിനു പകരം ദേവ്‌ദത്ത് പടിക്കലാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്.