രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ഹെൻറിച് ക്ലാസൻ. സമൂഹമാധ്യമത്തിലൂടെയാണ് ക്ലാസൻ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. ഇനി രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇല്ല എന്നാണ് പ്രഖ്യാപനം. ഐപിഎൽ 18–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 58 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരെ കളിച്ച ഏകദിനമാണ് ക്ലാസന്റെ അവസാന രാജ്യാന്തര മത്സരം.
‘‘എന്നെ സംബന്ധിച്ച് ഇന്ന് ദുഃഖകരമായ ഒരു ദിവസമാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയും ഭാവിക്ക് എന്താണ് നല്ലതെന്ന് ഞാൻ കുറച്ചുകാലമായി ചിന്തിക്കുകയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെങ്കിലും, ഞാൻ സന്തോഷവാനാണ്." – ക്ലാസൻ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ എഴുതി.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരിയിൽ ക്ലാസൻ ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു. നാലു ടെസ്റ്റുകളിൽനിന്ന് 13 ശരാശരിയിൽ 104 റൺസാണ് ക്ലാസൻ നേടിയത്. 35 റൺസായിരുന്നു ഉയർന്ന സ്കോർ. ഇതിനു പുറമേ 10 ക്യാച്ചും രണ്ടു സ്റ്റംപിങ്ങും സ്വന്തമാക്കി.