ഇന്ത്യ ബഹിഷ്കരിച്ചതോടെ ഫൈനലിൽ എത്തിയ പാകിസ്ഥാനെ അടിച്ചു തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക | WCL

196 റൺസ് വിജയലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു; ഡിവില്ലിയേഴ്സ്, 12 ഫോറും 7 സിക്സറുകളും ഉൾപ്പെടെ 60 പന്തിൽ 120
WCL
Published on

പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇന്ത്യ സെമിഫൈനൽ ബഹിഷ്കരിച്ചതോടെ നേരിട്ട് ഫൈനലിലെത്തിയ പാക്കിസ്ഥാനെ കലാശപ്പോരാട്ടത്തിൽ അടിച്ചു തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക ചാംപ്യൻസിന് കിരീടം നേടി. ഏകപക്ഷീയമായ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യവുമായെത്തിയ ദക്ഷിണാഫ്രിക്ക, വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. വിജയലക്ഷ്യം നേടുമ്പോൾ ദക്ഷിണാഫ്രിക്കക്ക് 19 പന്തുകൾ ബാക്കിയായിരുന്നു.

ടൂർണമെന്റിലെ മൂന്നാം സെഞ്ചറിയുമായി തകർത്തടിച്ച സൂപ്പർതാം എ.ബി. ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം സമ്മാനിച്ചത്. തുടക്കം മുതലേ തകർത്തടിച്ച ഡിവില്ലിയേഴ്സ് 60 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്നു. 12 ഫോറും 7 സിക്സറുകളും ഉൾപ്പെടുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. ജെ.പി. ഡുമിനി 28 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഡുമിനിയുടെ ഇന്നിങ്സ്. ഓപ്പണർ ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്. 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം അംല നേടിയത് 18 റൺസ്.

ഓപ്പണിങ് വിക്കറ്റിൽ അംല – ഡിവില്ലിയേഴ്സ് സഖ്യം 36 പന്തിൽ 72 റൺസടിച്ച് വിജയത്തിന് അടിത്തറയിട്ടു. അംലയെ സയീദ് അജ്മലിന്റെ പന്തിൽ റുമ്മാൻ റയീസ് ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും, പിരിയാത്ത രണ്ടാം വിക്കറ്റിൽ 65 പന്തിൽ 125 റൺസടിച്ച് ഡിവില്ലിയേഴ്സ് – ഡുമിനി സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com