ദക്ഷിണാഫ്രിക്കൻ പരമ്പ: സഞ്ജു സാംസൺ ഓപ്പണറായേക്കും; ഗില്ലിന് വിശ്രമം? | South Africa series

5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 9ന് കട്ടക്കിൽ നടക്കും.
Sanju Samson
Published on

ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിൽ ടീമിന്റെ ഓപ്പണർ സ്ഥാനത്തു നിന്ന് സഞ്ജു സാംസണെ മാറ്റിയതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടീമിൽ അവസരമൊരുക്കാനായി സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. പരമ്പരയിൽ ഗില്ലിന്റെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ, ടീമിൽ ചില അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് വിവരം.

ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ഗില്ലിന് ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. അതോടെ സഞ്ജു ഓപ്പണറായി തിരിച്ചെത്താനാണ് സാധ്യത. ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമിൽ ഉൾപ്പെടുത്തിയേക്കും. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 9ന് കട്ടക്കിൽ നടക്കും. ടീമിനെ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും.

ഓപ്പണറുടെ റോളിൽ ഒരു എൻഡിൽ അഭിഷേക് ശർമ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അഭിഷേകിന്റെ ഓപ്പണിങ് പാർട്നർക്കു വേണ്ടിയാണ് സിലക്ടർമാർ തല പുകയ്ക്കുന്നത്. സമീപകാല ട്വന്റി20 മത്സരങ്ങളിൽ സഞ്ജു നിറം മങ്ങിയതാണ് ഗില്ലിനെ ഓപ്പണറായി കൊണ്ടുവരാനുള്ള കാരണമായി പലരും ഉന്നയിക്കുന്നത്.

എന്നാൽ, ട്വന്റി20 കരിയർ പരിശോധിച്ചാൽ സ്ട്രൈക്ക് റേറ്റിലും ബാറ്റിങ് ശരാശരിയിലും ഗില്ലിനെക്കാൾ മുന്നിലാണ് സഞ്ജുവെന്നാണ് കണക്കുകൾ. അതേസമയം, ഇവർ രണ്ടുപേരുമല്ല, യശസ്വി ജയ്സ്വാളാണ് അഭിഷേകിനൊപ്പം ഓപ്പണറായി എത്തേണ്ടതെന്നു വാദിക്കുന്നവരും ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com