

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും മരിസാനെ കാപ്പിന്റെ പ്രകടനത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ ജയം. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെ അവര്‍ ഫൈനലില്‍ നേരിടും.
ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (143 പന്തില്‍ 169) അവിശ്വസനീയ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടസ്മിന്‍ ബ്രിട്‌സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 42.3 ഓവറില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നദീന് ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (64) ആലിസ് ക്യാപ്‌സി (50) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.