

ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്. 109 റൺസ് നേടിയ സെനുരൻ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. മുത്തുസാമിക്കു പുറമെ മാർക്കോ യാൻസൻ (93), കൈൽ വെരിയെന്നെ (45), ട്രിസ്റ്റൻ സ്റ്റബ്സ് (49) ക‍്യാപ്റ്റൻ ടെംബ ബവുമ (41) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത‍്യക്കു വേണ്ടി കുൽദീപ് യാദവ് നാലും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസെടുത്തിട്ടുണ്ട്. 7 റൺസുമായി യശസ്വി ജയ്സ്വാളും 2 റൺസുമായി കെ.എൽ. രാഹുലുമാണ് ക്രീസിൽ. 480 റൺസ് കൂടി വേണം ഇന്ത‍്യക്ക് ലീഡെടുക്കാൻ. നേരത്തെ 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. ആദ‍്യ സെഷനിൽ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും രണ്ടാം സെഷനിൽ കെയ്‌ൽ വെരെയ്നെ പുറത്തായി. പിന്നീട് മുത്തുസാമിയും മാർക്കോ യാൻസനും ചേർന്നാണ് ടീമിനെ മുന്നോട്ടു നയിച്ചത്. ഇരുവരും 97 റൺസ് കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്.
സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ മുത്തുസാമിയെ മുഹമ്മദ് സിറാജ് പുറത്താക്കി. യശസ്വി ജയ്‌സ്വാളിനു ക‍്യാച്ച് നൽകിയായിരുന്നു മടക്കം. 2 സിക്സും 10 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഇതിനു പിന്നാലെ സൈമൺ ഹാർമറെ ബുംറ പുറത്താക്കിയതോടെ ടീമിന് 9 വിക്കറ്റ് നഷ്ടമായി. പിന്നീട് കേശവ് മഹാരാജിനൊപ്പം 27 റൺസ് കൂടി ചേർത്ത ശേഷം യാൻസനെ കുൽദീപ് യാദവ് പുറത്താക്കി. 91 പന്തുകൾ നേരിട്ട് 7 സിക്സും 6 ബൗണ്ടറിയും അടക്കം 93 റൺസ് അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.