
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം പരോക്ഷമായി സ്ഥിരീകരിച്ച് സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചൽ. സ്മൃതി, ഉടൻ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യത്തിൽ സ്ഥിരീകരണമായത്. വെള്ളിയാഴ്ച സ്റ്റേറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ഒരു പരിപാടിയിൽ, സ്മൃതിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് പലാഷ്, ഇങ്ങനെ മറുപടി പറഞ്ഞത്. ഇൻഡോർ സ്വദേശിയാണ് പലാഷ് മുച്ചൽ.
‘‘ഞാൻ നിങ്ങൾക്ക് ഒരു തലക്കെട്ട് തന്നു കഴിഞ്ഞു’’ എന്നു പിന്നീട് പലാഷ് പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ഥന, ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തിനായി ഇൻഡോറിലുണ്ട്. ‘‘ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും എന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമാകണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു.’’– പലാഷ് കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളിലും സ്മൃതിയും പലാഷും ഒരുമിച്ചു വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. ഇതു സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഒന്നും പറഞ്ഞില്ലെങ്കിലും ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നില്ല. ആറു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നാണ് വിവരം. പ്രണയബന്ധത്തിന്റെ അഞ്ചാം വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്ന പേരിൽ കഴിഞ്ഞവർഷം ജൂലൈയിൽ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
വനിതാ പ്രീമിയർ ലീഗിൽ കഴിഞ്ഞവർഷം ആർസിബി കിരീടം നേടിയപ്പോൾ ടീം ക്യാപ്റ്റനായ സ്മൃതിയും പലാഷും ഒരുമിച്ചുള്ള ചിത്രവും വൈറലായിരുന്നു. ബോളിവുഡിലെ ശ്രദ്ധേയനായ സംഗീത സംവിധായകനും പ്രശസ്ത ഗായിക പലാക് മുച്ചലിന്റെ സഹോദരനുമാണ് പലാഷ് മുച്ചൽ.