

ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന, സംഗീതജ്ഞൻ പലാഷ് മുച്ചലുമായിട്ടുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിച്ചത്.
സഹതാരങ്ങളായ രാധ യാദവ്, ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയിൽ, ബോളിവുഡ് ചിത്രം 'ലഗേ രഹോ മുന്നാഭായി'യിലെ 'സംഝോ ഹോ ഹി ഗയാ' എന്ന ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുന്നതിനിടെ വിവാഹ നിശ്ചയ മോതിരം കാണിച്ചുകൊണ്ട് മന്ഥാന ചിരിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു.
ജെമീമ പങ്കുവെച്ച ഈ ക്ലിപ്പിന് ഇൻസ്റ്റാഗ്രാമിൽ ഇതിനകം 1.9 ദശലക്ഷത്തിലധികം ലൈക്കുകളും 12,000-ത്തിലധികം കമന്‍റുകളും ലഭിച്ചിട്ടുണ്ട്. മന്ഥാനയും മുച്ചലും നവംബർ 23-ന് വിവാഹിതരാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദമ്പതികളെ അഭിനന്ദിച്ച് കുറിപ്പ് അയച്ചു. "മന്ഥാനയുടെ കവർ ഡ്രൈവിന്‍റെ സൗന്ദര്യം മുച്ചലിന്‍റെ മനോഹരമായ സംഗീത സിംഫണിയുമായി ഒരു അദ്ഭുതകരമായ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - അദ്ദേഹം പറഞ്ഞു.
വിവാഹാഘോഷങ്ങളുടെ ഭാഗമായി ടീം ഗ്രൂമും ടീം ബ്രൈഡും തമ്മിൽ ഒരു 'സെലിബ്രേഷൻ ക്രിക്കറ്റ് മത്സരം' തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
"ഈ രണ്ട് ടീമുകളും ജീവിതമാകുന്ന കളിയിൽ വിജയിക്കട്ടെ. ഈ സുപ്രധാന വേളയിൽ ദമ്പതികൾക്ക് എന്‍റെ ആശംസകൾ നേരുന്നു." - മോദി പറഞ്ഞു.