

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ചലും തമ്മിലുള്ള വിവാഹം ഈ മാസം 23നായിരുന്നു നടക്കേണ്ടിയിരുന്നത്. പ്രീവെഡിങ് ചടങ്ങുകളടക്കം ആഘോഷപൂർവം നടത്തിയശേഷം അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിലാണ് വിവാഹം മാറ്റിവച്ചത്.
കല്യാണദിവസം രാവിലെ സ്മൃതി മന്ഥനയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. തുടർന്ന് ശ്രീനിവാസ് മന്ഥനയെ സാംഗ്ലിയിലെ സർവിത് ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ പലാശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും ശ്വാസതടസ്സവും കാരണം ആദ്യം സംഗ്ലിയിലെ ആശുപത്രിയിലും പിന്നീട് മുംബൈയിലെ ഗൊരേഗാവിലുള്ള എസ്ആർവി ആശുപത്രിയിലേക്കും പലാശിനെ മാറ്റിയിരുന്നു. എന്നാൽ, ഇരുവരും ആശുപത്രിയിൽനിന്ന് ഡിസ്ചാർജായെങ്കിലും വിവാഹക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഇതിനിടെ പലാശ് മുച്ചലിന്റെ സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്ന പേരിൽ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹം മാറ്റിവച്ചതിനു പിന്നാലെ പ്രീവെഡിങ് വിഡിയോകൾ സ്മൃതി സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ വിവാഹം മാറ്റിവയ്ക്കാൻ ഇതും ഒരു കാരണമായിട്ടുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നു.
മേരി ഡി കോസ്റ്റ എന്ന യുവതിയുമായി പലാശ് മുച്ചൽ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളെന്ന പേരിൽ എക്സ് പ്ലാറ്റ്ഫോമിലാണ് ചില ചിത്രങ്ങൾ പ്രചരിച്ചത്. പലാശുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ മേരി ഡി കോസ്റ്റയാണ് പുറത്തുവിട്ടതെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇതോടെ സ്മൃതിയും പലാശും തമ്മിലുള്ള ബന്ധം അവസാനിച്ചു എന്നുവരെ കിംവദന്തികളുണ്ടായി.
എന്നാലിപ്പോൾ, സ്മൃതിയുടെയും പലാശിന്റെയും ഒരു ഇൻസ്റ്റഗ്രാം അപ്ഡേറ്റ് വന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇരുവരും ‘നസ്സർ’ ഇമോട്ടിക്കോൺ ഉപയോഗിച്ചാണ് ഇൻസ്റ്റാഗ്രാം ബയോ അപ്‌ഡേറ്റ് ചെയ്തത്. 'നസ്സർ’ എന്ന വാക്കിന് കാഴ്ച എന്നാണ് അർഥം. ദൃഷ്ടി പതിയാതിരിക്കുക എന്ന അർഥത്തോടെയാണ് നീലക്കണ്ണിന്റെ രൂപത്തിലുള്ള നസ്സർ ഇമോട്ടിക്കോൺ പൊതുവേ ഉപയോഗിച്ചു വരുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ഇരുവരും പരസ്പരം തീരുമാനിച്ചാണോ ഇത് ഇട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തുതന്നെയായാലും ഇതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ. വിവാഹം ഉടൻ നടക്കുമെന്ന് പലാശിന്റെ അമ്മയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.