
മലപ്പുറം: ഓഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന കെസിഎൽ ക്രിക്കറ്റ് പൂരത്തിന് മലപ്പുറത്തിന്റെ ആറു താരങ്ങളാണ് വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുക. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിഗ്നേഷ് പുത്തൂർ ഇത്തവണയും ആലപ്പി റിപ്പിൾസിന് വേണ്ടി കളിക്കുമ്പോൾ
കെ.എം.ആസിഫും നിഖിൽ തോട്ടത്തിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയാകും ഗ്രൗണ്ടിലിറങ്ങുക. ആനന്ദ് കൃഷ്ണൻ,സിബിൻ ഗിരീഷ്, മുഹമ്മദ് ഇസ്ഹാഖ് എന്നിവർ തൃശൂർ ടൈറ്റൻസിന് വേണ്ടി കളിക്കും. ഈ സീസണിൽ ഏവരും ഉറ്റുനോക്കുന്ന ശ്രദ്ധേയമായ താരങ്ങളുടെ പട്ടികയിലാണ് വിഗ്നേഷിന്റെ സ്ഥാനം. ഐപിഎൽ കഴിഞ്ഞ സീസണിൽ മുബൈ ഇന്ത്യൻസിനായി ബൌൾ ചെയ്ത താരമാണ് വിഘ്നേഷ് പുത്തൂർ. നിർണ്ണായക സന്ദർഭങ്ങളിൽ റണ്ണൊഴുക്ക് തടയുന്നതിനും വിക്കറ്റ് നേടുന്നതിനും മിടുക്കുള്ള താരമാണ് ഇദ്ദേഹം. 3.75 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിൾസ് ഈ 24 കാരനെ ടീമിൽ നിലനിർത്തിയത്.
കെ.എം. ആസിഫിനെ 3.20 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. മീഡിയം പേസ് ബൗളറായ ആസിഫ് കഴിഞ്ഞ സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിന് വേണ്ടി 12 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. വിക്കറ്റ് കീപ്പർ നിഖിൽ തോട്ടത്തിലിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 2.10 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിൽ നിന്നു തന്നെ മികച്ച സ്ട്രൈക്ക് റേറ്റുള്ള താരമാണ് ആനന്ദ് കൃഷ്ണൻ. 7 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് ആനന്ദ് കൃഷ്ണനെ ടീമിനൊപ്പം ചേർത്തത്.ആദ്യ സീസണിൽ തൃശൂർ ടൈറ്റൻസിനായി മികച്ച ബൗളിംഗ് പുറത്തെടുത്ത മുഹമ്മദ് ഇസ്ഹാഖിനെ 1.50 ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ തൃശൂർ ടൈറ്റൻസ് നിലനിർത്തുകയായിരുന്നു . പോയ സീസണിൽ 9 മത്സരങ്ങൾ കളിച്ച മുഹമ്മദ് ഇസ്ഹാഖ് 11 വിക്കറ്റുകളാണ് പേരിലാക്കിയത്.
അതേ സമയം മികച്ച ഓൾ റൗണ്ടർ കൂടിയായ സിബിൻ ഗിരീഷ് നിർണ്ണായക സമയത്ത് വിക്കറ്റെടുക്കാനും കഴിവുള്ള താരമാണ്.1.50 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ തൃശൂർ ടൈറ്റൻസ് അണിയിലെത്തിച്ചത്.കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂടൈഗേഴ്സ് താരമായിരുന്ന നിഖിൽ തോട്ടത്തിൽ നിർണ്ണായ സന്ദർഭങ്ങളിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരമാണ്. ആദ്യ സീസണിലെ മിന്നും ബാറ്റിംഗ് പ്രകടനമാണ് നിഖിൽ തോട്ടത്തിലിനെ 2.10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിക്കാൻ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പ്രേരണയായത്.