
ഇന്ത്യൻ താരങ്ങൾക്ക് ജോലി ഭാരത്തിന്റെ പേരിൽ പരമ്പരകൾക്കിടയിൽ വിശ്രമം അനുവദിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര കളിച്ചിരുന്നില്ല. എന്നാൽ അവസാന ടെസ്റ്റിൽ ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജ് പരമ്പരയിലെ എല്ലാ മത്സരവും കളിച്ചിരുന്നു. സിറാജിന്റെ കഠിനാധ്വാനമാണ് ജോലിഭാരത്തെക്കുറിച്ചു സംസാരിക്കുന്നവർക്കുള്ള മറുപടിയെന്ന് ഗാവസ്കര്‍ പ്രതികരിച്ചു.
എല്ലാവരും സിറാജിനെ മാതൃകയാക്കണമെന്നും, ഇത്തരം സാങ്കേതികതകൾ ഇന്ത്യൻ ക്രിക്കറ്റ് ഡിക്ഷ്ണറിയിൽ ഉണ്ടാകരുതെന്നും ഗാവസ്കർ ആവശ്യപ്പെട്ടു. ‘‘ബോളർമാരാണ് മത്സരങ്ങൾ ജയിപ്പിക്കുന്നത് എന്നൊരു ചൊല്ലുണ്ട്, പക്ഷേ ബാറ്റർമാർ സ്കോർ കണ്ടെത്തണം. രണ്ടു കളികളിൽ മികച്ച സ്കോർ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യ തോറ്റുപോയത്. കഠിനാധ്വാനത്തിലൂടെ ‘ജോലിഭാര'ത്തിന്റെ ചർച്ചകള്‍ കൂടിയാണ് സിറാജ് ഇല്ലാതാക്കിയത്.’’
‘‘ആ വാക്ക് ഇന്ത്യൻ ക്രിക്കറ്റ് ഡിക്ഷ്ണറിയിൽനിന്നു പുറത്തുപോകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഇത് ഒരുപാടു കാലമായി പറയുന്നതാണ്. തുടർച്ചയായുള്ള അഞ്ച് ടെസ്റ്റുകളിൽ 6,7,8 ഓവർ സ്പെല്ലുകൾ ക്യാപ്റ്റന്റെ ഇഷ്ടത്തിന് അനുസരിച്ച് സിറാജ് എറിഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യവും അതാണു പ്രതീക്ഷിക്കുന്നത്. ജോലി ഭാരം എന്നത് മാനസികമായി മാത്രം ബാധിക്കുന്ന ഒന്നാണ്. ശാരീരികമായി ഒരു കുഴപ്പവുമില്ല. ജോലി ഭാരത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ മികച്ച താരങ്ങൾ നിങ്ങൾക്കുവേണ്ടി ഗ്രൗണ്ടിൽ ഉണ്ടാകില്ല.’’
‘‘തണുപ്പിനെക്കുറിച്ച് സൈനികർ എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? രാജ്യത്തിനായി സ്വന്തം ജീവിതം നൽകുകയാണ് അവർ. നിങ്ങളുടെ മികച്ചത് രാജ്യത്തിനായി നൽകുക. മത്സരത്തിനിടെയുണ്ടാകുന്ന വേദനകളിൽ സങ്കടപ്പെടാതിരിക്കുക. ഋഷഭ് പന്ത് എന്താണു നമുക്കു കാണിച്ചു തന്നത്? മുറിവുമായാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതാണു ടീം നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്.’’– ഗാവസ്കർ വ്യക്തമാക്കി.