"രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത് സർ"; തരൂരിനെ വെല്ലുവിളിച്ച് സഞ്ജു– വിഡിയോ | SLK

സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോ ഏറ്റെടുത്ത് ആരാധകർ
Sanju
Published on

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോ. മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരികളിലൊരാളായ ശശി തരൂർ എംപിയുമാണ് വിഡിയോയിലുള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണം ആരാധകർ ഏറ്റെടുത്തു. ആദ്യമായാണ് സഞ്ജു, എസ്എൽകെയുടെ പ്രമോ വിഡിയോയിൽ വരുന്നത്.

ശശി തരൂരിനോട് ഫോണിലൂടെ, ‘സർ ബാറ്റിങ്ങിൽ എന്തെങ്കിലും ടിപ്സ് തരാൻ വിളിക്കുകയാണോ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘അല്ല സഞ്ജു, ക്രിക്കറ്റിനെക്കുറിച്ചല്ല, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്.' - എന്നാണ് ശശി തരൂരിന്റെ മറുപടി. സൂപ്പർ ലീഗ് കേരള കിരീടം ഇത്തവണ തിരുവനന്തപുരം കൊമ്പൻസ് നേടുമെന്നും തരൂർ പറയുന്നു. ഇതിനു മറുപടിയായി, ‘മലപ്പുറമുള്ളിടത്തോളം കാലം തിരുവനന്തപുരത്തിന് ജയം എളുപ്പമാകില്ല’ എന്ന് ഹിന്ദിയിലാണ് സഞ്ജുവിന്റെ പ്രതികരണം. നമുക്ക് കാണാം എന്ന് ഹിന്ദിയിൽ തന്നെ തരൂരിന്റെ മറുപടിയും.

‘എന്താ സർ, ഒരു ഭീഷണിയുടെ സ്വരം’ എന്ന് വീണ്ടും സഞ്ജു ചോദിക്കുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ കടുകട്ടി ഇംഗ്ലിഷിലാണ് തരൂരിന്റെ മറുപടി. ഇതിൽ പതറാത്ത സഞ്ജു, ‘രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത്, സർ’ എന്ന് ഹിന്ദിയിൽ മറുപടി നൽകുന്നതോടെ വിഡിയോ അവസാനിക്കുന്നു. ‘തുടരും’ എന്ന് അവസാനം എഴുതി കാണിക്കുന്നതിനാൽ അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നേരത്തെ, കോഴിക്കോട് ടീമിന്റെ ബ്രാൻഡ് അംബാസിഡറായ നടൻ ബേസിൽ ജോസഫും കൊച്ചി ടീമിന്റെ ഉടമകളിലൊരാളായ നടൻ പൃഥ്വിരാജും ശശി തരൂരുമായി സംസാരിക്കുന്ന പ്രമോ വിഡിയോകളും പുറത്തുവന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com